ന്യൂഡൽഹി/ടെൽ അവീവ്: കൊവിഡ് പ്രതിരോധത്തിൽ നിർണായക കണ്ടെത്തലുമായി ഇന്ത്യയും ഇസ്രായേലും. 30 സെക്കന്റിനുള്ളിൽ പരിശോധനാഫലം ലഭ്യമാകുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് വികസിപ്പിക്കാനുള്ള സംയുക്ത നീക്കത്തിലാണ് ഇരുരാജ്യങ്ങളും. ഇന്ത്യയിലെ ഇസ്രായേൽ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചർച്ചകൾക്കായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയ സംഘവും ഗവേഷക വിഭാഗവും പ്രത്യേക വിമാനത്തിൽ ടെൽ അവീവിൽ നിന്ന് ഉടൻ ഡൽഹിയിൽ എത്തുമെന്ന് എംബസി ട്വീറ്റ് ചെയ്തു.
സ്രവ സാമ്പിളുകൾ ശേഖരിച്ച് മിനിട്ടുകൾക്കുള്ളിൽ കൊവിഡ് തിരിച്ചറിയുന്ന നാലു ടെസ്റ്റുകളാണ് സംയുക്തമായി വികസിപ്പിക്കുന്നത്. ശബ്ദത്തിൽ നിന്നും ഉച്ഛ്വാസ വായുവിൽ നിന്നും കൊവിഡ് തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യയും വികസിപ്പിക്കും. ഇവയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ ഇസ്രായേലിലാണ് നടന്നത്. അവസാനഘട്ട പരീക്ഷണമാണ് ഇന്ത്യയിൽ നടത്തുക. 30 സെക്കന്റിനുള്ളിൽ പരിശോധനാഫലം നൽകുന്ന റാപ്പിഡ് ടെസ്റ്റിംഗ് സാങ്കേതികവിദ്യയാണ് ഇവയിൽ പ്രധാനം. വിമാനത്താവളങ്ങളിൽ അടക്കം ഇത് പ്രയോജനപ്പെടുത്താം. നിർമിതബുദ്ധി ഉപയോഗിച്ചാണ് ശബ്ദപരിശോധനയിലൂടെ കൊവിഡ് തിരിച്ചറിയുക. സെൽഫോണിലൂടെയും പരിശോധന നടത്താം എന്നതാണ് സവിശേഷത. ഇവയുടെ കാര്യക്ഷമത പരിശോധിക്കാൻ 4000 മുതൽ 5000 വരെ പരിശോധനകൾ ഇന്ത്യയിൽ നടത്തും. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു.
കൊവിഡ് കവർന്നത് 12 കന്യാസ്ത്രീമാരെ
അമേരിക്കയിലെ ഒരു കോൺവെന്റിൽ ഒരുമാസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചത് 12 കന്യാസ്ത്രീകൾ. ദുഃഖവെള്ളിയാഴ്ചയാണ് മഠത്തിലെ അന്തേവാസിയായ സിസ്റ്റർ മേരി ലൂസിയ വോവ്സിനിയാക് (99) കൊവിഡ് ബാധിച്ച് മരിച്ചത്. ജൂൺ ആദ്യവാരം ഒരു അന്തേവാസി കൂടി മരിച്ചതടക്കം 13 കന്യാസ്ത്രീകളാണ് മിഷിഗണിലെ ഫെലീഷ്യൻ സിസ്റ്റേഴ്സ് കോൺവെന്റിൽ മാത്രം മരിച്ചത്.
സഹകരണം ഇങ്ങനെ
ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലിൽ കൊവിഡ് വ്യാപനമുണ്ടായപ്പോൾ ഇന്ത്യ മരുന്നുകളും മാസ്കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രായേൽ വ്യക്തമാക്കി. പ്രിൻസിപ്പൽ ശാസ്ത്ര ഉപദേഷ്ടാവ് കൃഷ്ണസ്വാമി വിജയരാഘവന്റെ നേതൃത്വത്തിലാണ് കിറ്റ് വികസിപ്പിക്കുന്നത്.
ബ്രീത്ത് അനലൈസർ
മൂക്കിന്റെ ഒരു ദ്വാരം അടച്ചു പിടിച്ച്, മറ്റേ ദ്വാരത്തിലൂടെ ശക്തിയായി ഉച്ഛ്വാസ വായു കൈയിലെ ചെറിയ ട്യൂബിലൂടെ എയർട്രാപ് എന്ന സഞ്ചിയിലേക്ക് വിടണം. ഈ ട്യൂബ് സെന്റ് റീഡർ എന്ന ചെറിയ ചതുരപ്പെട്ടി പോലുള്ള ഉപകരണത്തിൽ ഘടിപ്പിച്ചിട്ടുണ്ടാകും. വായു അതിലെത്തുന്ന നിമിഷം കൊവിഡ് ഫലം മൊബൈലിലെത്തും.
"ഇന്ത്യയിലേക്കുള്ള സംഘത്തെ നയിക്കുന്നതിൽ അഭിമാനമുണ്ട്. സൗഹൃദത്തിന്റെ ആഴം അളക്കുന്നതിനുള്ള സമയമാണിത്. ദുരിതപൂർണവും സങ്കീർണവുമായ ഘട്ടത്തിൽ ഇന്ത്യയ്ക്ക് സഹായം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. "
-ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റോൺ മൽക്ക
കൊവിഡ് മീറ്റർ
ആകെ രോഗികൾ: 1,56,83,725
മരണം:6,37,215
രോഗമുക്തർ:95,68,343
(രാജ്യം - രോഗികൾ-മരണം)
അമേരിക്ക: 41,70,333 - 1,47,342
ബ്രസീൽ:22,89,951 - 84,207
ഇന്ത്യ:12,92,209 - 30,660
റഷ്യ: 8,00,849 - 13,046
ദക്ഷിണാഫ്രിക്ക:4,08,052 - 6,093
പെറു:3,71,096 - 17,654