കോട്ടയം: രാജ്കുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉന്നതനു പുറമെ രണ്ട് ഡിവൈ.എസ്.പി മാരും സി.ബി.ഐ നിരീക്ഷണത്തിൽ. കേസിൽ ആരോപണ വിധേയനായ മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ ഹൈക്കോടതിയിൽ കഴിഞ്ഞദിവസം മുൻകൂർ ജാമ്യം തേടിയിരുന്നു. സ്പെഷ്യൽബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെ ഉപയോഗിച്ച് കേസ് നെടുങ്കണ്ടം സ്റ്റേഷനിൽ ഒതുക്കാൻ എസ്.പി ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഇക്കാര്യങ്ങളെക്കുറിച്ച് കേസ് അന്വേഷിക്കുന്ന സിബിഐ ഉടൻ മുൻ എസ്.പി യെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഡിവൈ.എസ്.പി മാരെക്കുറിച്ചും നേരത്തെ ആരോപണം ഉയർന്നിരുന്നു.
നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ സി.പി.ഒ ജോർജുകുട്ടിയും സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ വനരാജും തമ്മിൽ കഴിഞ്ഞദിവസം അടിപിടി നടന്നിരുന്നു. എ.എസ്.ഐ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടി ജോർജുകുട്ടി പൊലീസിൽ പരാതി നല്കി. അക്രമത്തിനു കാരണം മുൻ വൈരാഗ്യമാണന്നും രാജ്കുമാർ കേസ് അന്വേഷണം നെടുങ്കണ്ടം സ്റ്റേഷനിൽ ഒതുക്കാൻ എ.എസ്.ഐ ശ്രമിച്ചിരുന്നെന്നുമാണ് ജോർജുകുട്ടി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന ജോർജുകുട്ടി ഡിസ്ചാർജ് ആയാൽ ഉടൻ സി.ബി.ഐ കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
കൊവിഡ് വ്യാപനത്തെ തുടർന്ന് സി.ബി.ഐ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹരിത തട്ടിപ്പ് കേസ് അന്വേഷണവും ആരംഭിക്കും.