തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ 40ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് സ്വപ്നയെ പിരിച്ചുവിട്ടതെന്ന് സൂചന. യു.എ.ഇ ദേശീയദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ പേരിലായിരുന്നു തട്ടിപ്പ്. ഇതു തിരിച്ചറിഞ്ഞെങ്കിലും ഉന്നതരുടെ ഇടപെടൽ കാരണം നടപടിയുണ്ടായില്ല. യു.എ.ഇ മിനിസ്ട്രി ഒഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷന്‍ രണ്ടു പരാതികൾ ലഭിച്ചിരുന്നു. തുടർന്നുള്ള ആഡിറ്റിംഗിൽ വലിയ തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് സ്വപ്നയെ പുറത്താക്കിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. തട്ടിപ്പ് നടത്തിയതിനാണ് പുറത്താക്കിയതെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതിയും വ്യക്തമാക്കിയിരുന്നു.
അതേസമയം സരിത്ത് കസ്റ്റഡിയിലായ ശേഷം, സ്വപ്ന ഒളിവിൽ പോയത് ശിവശങ്കറിനെ കണ്ടശേഷമാണെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്ന വിവരങ്ങൾ എൻ.ഐ.എയ്ക്ക് കിട്ടിയെന്നറിയുന്നു. ഒളിവിൽ പോകും മുൻപ് സ്വപ്നയ്ക്കൊപ്പം ശിവശങ്കർ അമ്പലംമുക്കിലെ ഫ്ലാറ്റിലെത്തിയതിന്റെ ക്യാമറാ ദൃശ്യങ്ങൾ കിട്ടിയതായാണ് സൂചന. പിന്നാലെ മുഖംമറച്ച് മുന്നുപേർ ഫ്ലാറ്റിലെത്തിയ ദൃശ്യവും കിട്ടി.