മെൽബൺ: പത്ത് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ തന്റെ പുന്നാര പൂച്ചക്കുട്ടിയെ തിരികെക്കിട്ടിയ സന്തോഷത്തിലാണ് മെൽബൺ സ്വദേശി ജോർജിയ സസാരിസ്. 2010ലാണ് മിഷ്ക എന്നതന്റെ പ്രിയ പൂച്ചയെ ജോർജിയയ്ക്ക് നഷ്ടമായത്. അന്ന് ചാഡ്‌സ്‌റ്റോണിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് മിഷ്‌കയെ അവസാനമായി ജോർജിയ കണ്ടത്. രാത്രി തിരികെത്തിയപ്പോൾ വീട്ടിൽ മിഷ്‌കയില്ല. ഒടുവിൽ വർഷങ്ങൾ നീണ്ട അന്വേഷത്തിന് ശേഷം, കഴിഞ്ഞ വെള്ളിയാഴ്ച മിഷ്കയെക്കുറിച്ച് മോണിംഗ്ടണിലെ പെനിൻസുല മൃഗാശുപത്രിയിൽ നിന്ന് വിവരം ലഭിച്ചു. പോർട്ട് മെൽബണിൽ നിർമ്മാണപ്രവർത്തനം നടക്കുന്ന സൈറ്റിനരികിൽ നിന്നാണ് മിഷ്‌കയെ ഒരു തൊഴിലാളിയ്ക്ക് ലഭിച്ചത്. അവശയായ പൂച്ചയെ അയാൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ഓടിയെത്തിയ ജോർജിയ കണ്ടത് ക്ഷീണിച്ച് അവശയായി നീണ്ട രോമങ്ങൾ കൊഴിഞ്ഞു പോയ തന്റെ പ്രിയപ്പെട്ട പൂച്ചയെ ആയിരുന്നു. മിഷ്കയുടെ അവസ്ഥ ജോർജിയയെ വിഷമിച്ചെങ്കിലും
ചികിത്സയിലൂടെയും പോഷകം നിറഞ്ഞ ഭക്ഷണത്തിലൂടെയും മിഷ്കയെ പഴയെ പോലെ സുന്ദരിയാക്കാനുള്ള ശ്രമത്തിലാണ് ജോർജിയ.