police-covid

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് ഹെഡ്കോട്ടേഴ്‌സിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പൂന്തുറയിൽ ഡ്യൂട്ടി നോക്കിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തിൽ ഇതുവരെ 29 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പല സ്റ്റേഷനിലേയും ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മേയർ അടക്കം സ്വയം നിരീക്ഷണത്തിലാണ്.

ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും പുതിയതായി രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കും ഇന്റലിജൻസ് ആസ്ഥാനത്തെ ഡ്രൈവർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലടക്കം മാറ്റം വരുത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ഒരു പൊലീസുകാരനുകൂടി കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്റലിജൻസ് ആസ്ഥാനത്ത് ആദ്യമായാണ് ഇന്നലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്റലിജൻസ് ആസ്ഥാനത്ത് പൊലീസുകാരനുമായി സമ്പർക്കത്തിലുണ്ടായിരുന്ന 17 പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിരുന്നു.