പത്തനംതിട്ട: കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പ്രധാൻമന്ത്രി ജൻ ഒൗഷധി സ്റ്റോറുകൾ മരുന്നുക്ഷാമം കാരണം പൂട്ടേണ്ടി വരുമെന്ന് ഉടമകൾ. കേരളത്തിൽ മരുന്നു വിതരണത്തിന് മേൽനോട്ടം വഹിച്ചിരുന്ന തിരുവനന്തപുരത്തെ ഓഫീസ് പൂട്ടി. ഒരു വർഷമായി നോഡൽ ഓഫീസർ ഇല്ലാത്തതുകാരണമാണ് പ്രവർത്തനം നിലച്ചത്. കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയ നിയമനമാണിത്.കേരളത്തിനും തമിഴ്നാട്ടിനും കർണാടകത്തിനുമായി ഇപ്പോൾ ഒരു നോഡൽ ഓഫീസർ ഡൽഹിയിലിരുന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇവിടെത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ബന്ധപ്പെട്ടാൽ കാര്യമായ പ്രതികരണം ഉണ്ടാവാറില്ല.അവർക്കുള്ള
ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
ജീവിത ശൈലീ രോഗങ്ങൾക്കുൾപ്പെടെയുള്ള മരുന്നുകൾ 80 ശതമാനം വരെ വിലക്കുറവിൽ ജൻ ഒൗഷധി സ്റ്റോറുകളിൽ ലഭിക്കുന്നത് പലർക്കും ആശ്വാസമായിരുന്നു. ഷുഗർ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ,വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങി അറുന്നൂറോളം മരുന്നുകളാണ് വൻ വിലക്കുറവിൽ ലഭിച്ചിരുന്നത്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള പല മരുന്നും കിട്ടാതായി.കാൻസറിനുള്ള മരുന്നുകളുമില്ല.
ഒാർഡറിന്റെ പകുതി കിട്ടും
കൊല്ലം ആയൂരിലെ ജൻ ഒൗഷധി സ്റ്റോറുടമ അടുത്തിടെ കൊളസ്ട്രോൾ മരുന്നിന്റെ 1000 സ്ട്രിപ്പുകൾക്കാണ് ഒാർഡർ നൽകിയത്. ലഭിച്ചത് 100 എണ്ണം. പത്തനംതിട്ടയിലെ ഒരു സ്റ്റാേറിൽ ലഭിച്ചത് മൂന്ന് മാസത്തിനുളളിൽ കാലാവധി തീരുന്ന 600 സ്ട്രിപ്പുകൾ. കാലാവധി തീരാൻ പോകുന്ന മരുന്നുകൾ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിതരണക്കാർ തയ്യാറായില്ല.
ജൻ ഒൗഷധി സ്റ്റോറുകൾ
സ്വകാര്യ വ്യക്തികൾ മെഡിക്കൽ സ്റ്റോർ നടത്താനുള്ള അംഗീകൃത സംവിധാനം ഒരുക്കി ഓർഡറും കൊടുത്താൽ മരുന്നുകൾ മുൻകൂർ എത്തിക്കും. കേരളത്തിലെ
ജൻ ഒൗഷധി സ്റ്റോറുകൾ 684.മരുന്ന് വിൽപ്പനയിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനം.കൊച്ചിയിൽ നിന്നാണ് മരുന്ന് എത്തിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും വിതരണ കേന്ദ്രങ്ങൾ തുടങ്ങിയാൽ മരുന്ന് ക്ഷാമം പരിഹരിക്കാമെന്ന് വ്യാപാരികൾ പറയുന്നു.