യൂറോപ്യൻ ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ മത്സരം മുറുകുന്നു
ടൂറിൻ : ഇൗ സീസണിലെ യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനുള്ള പോരാട്ടം അന്തിമഘട്ടത്തിലും ശക്തമാണ്. ജർമ്മൻ ബുണ്ടസ് ലീഗയിലെ ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ടോ ലെവാൻഡോവ്സ്കിയാണ് 34 ഗോളുകളുമായി ഒന്നാം സ്ഥാനത്ത്. 68 പോയിന്റാണ് ഗോൾഡൻ ബൂട്ട് റേറ്റിംഗിൽ ലെവാൻഡോവ്സ്കിക്ക് ഉള്ളത്. ഇറ്റാലിയൻ സെരി എയിൽ ലാസിയോയുടെ ഇറ്റാലിയൻ താരം സിറോ ഇമ്മൊബൈൽ 31 ഗോളുകളും യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 30 ഗോളുകളും സ്‌കോർ ചെയ്തിട്ടുണ്ട്.
ബുണ്ടസ് ലിഗ അവസാനിച്ചുകഴിഞ്ഞു. സെരി എയിൽ യുവന്റസിനും ലാസിയോക്കും മൂന്നു മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഇമ്മൊബൈലിനും ക്രിസ്റ്റ്യാനോയ്ക്കും ലെവാൻഡോവ്സ്കിയെ മറികടക്കാൻ ചാൻസുണ്ട്.
തിമോ വെർണർ (റെഡ്ബുൾ ലെയ്പ്സിഗ്-28), ലയണൽ മെസ്സി (ബാഴ്സലോണ-25), എർലിംഗ് ഹാലണ്ട് (ബൊറൂഷ്യ ഡോർട്ട്മുണ്ട്/ റെഡ്ബുൾ സാൽസ്ബർഗ്-29), ജെയ്മി വാർഡി (ലെസ്റ്റർ സിറ്റി-23), ഷോൺ വെയ്സ്മാൻ (വോൾഫ്സ്ബർഗ്-30), കരീം ബെൻസേമ (റയൽ മാഡ്രിഡ്-21), റൊമേലു ലുക്കാക്കു (ഇന്റർമിലാന്‍-21) എന്നിവരാണ് നാലുമുതല്‍ പത്തുവരെ സ്ഥാനങ്ങളിൽ. സ്പാനിഷ് ലാ ലിഗയും അവസാനിച്ചതിനാൽ മെസിക്ക് ഇനി സാദ്ധളതയില്ല.
ഹാലണ്ടിനും വെയ്സ്മാനും ഗോളുകൾ കൂടുതലുണ്ടെങ്കിലും റേറ്റിംഗ് പോയിന്റ് കുറവാണ്. യൂറോപ്പിലെ പ്രമുഖ ലീഗുകളിലെ ഗോളുകൾക്ക് രണ്ടു പോയിന്റും ബാക്കി ലീഗുകളിലെ ഗോളുകൾക്ക് ഒന്നര പോയന്റുമാണുള്ളത്. ഹാലണ്ട് ബുണ്ടസ് ലിഗയിൽ നേടിയ ഗോളുകൾക്ക് രണ്ടു പോയിന്റ് ലഭിക്കുമ്പോൾ ആസ്ട്രിയൻ ക്ലബ്ബ് സാൽസ്ബർഗിനായി നേടിയ ഗോളുകൾക്ക് ഒന്നര പോയിന്റേ കിട്ടുകയുള്ളൂ. ആസ്ട്രിയൻ ലീഗിൽകളിക്കുന്ന വെയ്സ്മാന്റെ ഗോളിന് ഒന്നര പോയിന്റാണുള്ളത്. 30 ഗോൾ നേടിയിട്ടും 45 പോയിന്റാണ് താരത്തിനുള്ളത്. അതേസമയം, 31 ഗോളുകൾ നേടിയ ഇമ്മൊബൈലിന് 62 പോയിന്റും 30 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോക്ക് 60 പോയിന്റുമുണ്ട്.