
തിരുവനന്തപുരം: അടുത്തിടെ കൊച്ചി നഗരത്തിലെ ഒരു വീട്ടിൽ ആൺകുട്ടിയ്ക്ക് ഛർദ്ദി കണ്ടുതുടങ്ങി. പിന്നീട് അത് ശരീര വേദനയായി. മൂന്ന് ദിവസം പിന്നിട്ടപ്പോൾ ഛർദ്ദി കലശലായി. ഡോക്ടറെ കണ്ടു, മരുന്ന് കഴിച്ചു തുടങ്ങി. കോവിഡ് രോഗഭീതിയുള്ളതിനാൽ രക്തപരിശോധനയടക്കം പ്രധാന ടെസ്റ്റുകളും നടത്തി. എന്നിട്ടും ഛർദ്ദിക്ക് മാത്രം കുറവില്ല. ഒപ്പം പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഭക്ഷണം കഴിക്കാതെയായി. അമ്മയെ അനുസരിക്കാതെയായി. അമ്മയോട് വൈരാഗ്യമുള്ളപോലെയായി പെരുമാറ്റം. രാത്രി പേടിച്ച് നിലവിളിക്കുന്നതും പതിവായി. ഡോക്ടർ വീണ്ടും പരിശോധിച്ചെങ്കിലും ശാരീരിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. മകന്റെ അവസ്ഥ കണ്ട് മാതാപിതാക്കളും ഭയചകിതരായി. അതിനാൽ ആ ഡോക്ടർ തന്നെയാണ് ഓൺലൈൻ കൺസൾട്ടേഷന് നിർബന്ധിച്ച് അവരെ അയയ്ക്കുന്നത്.
മൂന്നുമക്കളും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തിലെ മൂത്തമകനിലാണ് അസാധാരണമായ ഈ ഭാവമാറ്റമുണ്ടായത്. അച്ഛന് ജോലി തിരുവനന്തപുരത്ത്. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വീട്ടിലുണ്ടാകുക. വീട്ടിൽ അമ്മയാണ് മക്കളുടെ എല്ലാമെല്ലാം. മൂത്തമകനായാതിനാൽ അമ്മയോട് കൂടുതൽ അടുപ്പമുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങൾക്കും അമ്മയെ സഹായിക്കുന്ന കുട്ടി. എപ്പോഴും സന്തോഷവാനും ഉത്സാഹിയുമായി കാണപ്പെടുന്നയാൾ. അവനാണ് പെട്ടെന്ന് ഈ മാറ്റമുണ്ടാകുന്നത്. രോഗലക്ഷണങ്ങളാകട്ടെ ദിനംപ്രതി കൂടിക്കൂടി വരികയും ചെയ്യുന്നു.
ലോക്ക്ഡൗൺ ആയതോടെ അച്ഛനും വീട്ടിലായി. അതുവരെ അമ്മയോടൊപ്പം സ്ഥിരമായി ഉറങ്ങിയിരുന്ന മകനെ അവർ മാറ്റിക്കിടത്താൻ തുടങ്ങി. അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങണമെന്ന കുട്ടിയുടെ വാശിക്ക് ആ രക്ഷിതാക്കൾ വഴങ്ങിയില്ല. എന്നാൽ, ആദ്യ ദിവസം കുട്ടി അച്ഛന്റെയും അമ്മയുടെയും മുറിയുടെ മുന്നിൽ വന്നുകിടന്ന് കരഞ്ഞുതളർന്നുറങ്ങി. അവരത് അറിഞ്ഞില്ല. പിറ്റേന്നാണ് ഛർദ്ദിയും മറ്റും കണ്ടത്. കുട്ടികളുടെ ശീലങ്ങളിലും അവർ തുടർന്നുവരുന്ന ജീവിത രീതികളിലും പെട്ടെന്നുണ്ടാകുന്ന മാറ്റം അവരിൽ വലിയ മാനസിക ആഘാതമാണുണ്ടാക്കുന്നത്. അതിന് ഉദാഹരണമാണ് ഈ കുട്ടിക്കുണ്ടായ പ്രകടമായ മാറ്റം.
ലോക്ക് ഡൗൺ ആഘാതം
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, ലോക്ക് ഡൗൺമൂലം വീട്ടിൽ അടച്ചിരിക്കുന്നത്  പല കുട്ടികൾക്കും മാനസിക സംഘർഷം കൂട്ടുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഫ്റ്റാറ്റുകളിലും അപ്പാർട്ടുമെന്റിലുമൊക്കെ താമസിക്കുന്ന കുട്ടികളിലാണ് ഏറെയും ഇത് കണ്ടുവരുന്നത്. കൂട്ടുകാരെ കാണാൻ കഴിയുന്നില്ല, സ്കൂളിൽ പോകാനാവുന്നില്ല, കൂട്ടുകാർക്കൊപ്പം കളിക്കാനാവുന്നില്ല. എന്തിനേറെ മാതാപിതാക്കൾക്കൊപ്പം പുറത്തുപോകാൻപോലും കഴിയുന്നില്ല. മാസങ്ങളായി വീട്ടിലടച്ചിരിക്കേണ്ടിവരുന്നത് കടുത്ത മാനസിക സംഘർഷത്തിലേക്കാണ് കുട്ടികളെ നയിക്കുന്നത്. സംസ്ഥാനം അൺലോക്കിലേയ്ക്ക് കടന്നപ്പോൾ രക്ഷകർത്താക്കളിൽ പലരും ജോലിയ്ക്ക് പോയി തുടങ്ങി. ഈ സമയങ്ങളിൽ കുട്ടികൾ പലരും വീട്ടിൽ ഒറ്റയ്ക്കായി. വീടുകളിൽ മൊബൈൽ ഫോണിനൊപ്പമാണ് കുട്ടികൾ ദിവസത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നത്. ലാപ്ടോപ്പ്, കമ്പ്യൂട്ടർ, ടാബ്ലെറ്റ് എന്നിവയും കുട്ടികൾ ഉപയോഗിക്കുന്നത് കൂടി.
ഓൺലൈൻ ക്ലാസുകളെക്കാൾ മൊബൈൽ ഗെയിമുകൾക്കാണ് പലകുട്ടികളും ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതത്രേ. ഇത് എങ്ങനെ നിയന്ത്രിക്കാമെന്ന് അന്വേഷിച്ച് ദിനംപ്രതി ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക്കായ 'ദിശ'യിലേയ്ക്ക് ധാരാളം ഫോൺ കോളുകൾ വരുന്നുണ്ട്. സമപ്രായക്കാർക്ക് ഒപ്പം കളിക്കാനും സംസാരിക്കാനും കഴിയാതെ വന്നതോടെ നഗരങ്ങളിലെ കുട്ടികളിൽ പലരും അന്തർമുഖരായി എന്നാണ് ആരോഗ്യവകുപ്പിലെ വിദഗ്ദ്ധർ പറയുന്നത്. ഇത് ഇവരെ വലിയ മാനസിക സംഘർഷത്തിലേയ്ക്കും വിഷാദ രോഗത്തിലേക്കുമാണ് കൊണ്ടെത്തിക്കുന്നത്.
ലക്ഷണങ്ങൾ
 വിഷമം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, അനുസരണയില്ലായ്മ എന്നിവയാണ് മാനസിക സംഘർഷം കണ്ടുവരുന്ന കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ
 ആവശ്യമില്ലാതെയുള്ള കരച്ചിലാണ് ശിശുക്കളുടെ ലക്ഷണം. പ്രീ സ്കൂൾ കുട്ടികളിൽ അവർ നേടിയ നല്ല ശീലങ്ങൾ നഷ്ടമാകാം.
 രക്ഷിതാക്കളെ നഷ്ടപ്പെടുമെന്ന ഭീതി കുട്ടികൾക്ക് വലിയ തോതിൽ ഉണ്ടാകാം
 എതിർപ്പ്, നിയന്ത്രണമില്ലായ്മ, മുമ്പ് ഇഷ്ടപ്പെട്ട് ചെയ്തിരുന്ന കാര്യങ്ങളിൽ താത്പര്യ കുറവ്
രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ടത്
 കൊവിഡിനെ വല്ലാതെ ഭയപ്പെടുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം
 ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുന്നതും പെട്ടെന്നുണ്ടാകുന്ന ടെൻഷനും ചങ്കിടിപ്പ്, ശ്വാസ തടസം, തലകറക്കം, അമിത വിയർപ്പ്, ഹൃദായാഘാതം തുടങ്ങി അവസ്ഥകളിലേയ്ക്ക് കൊണ്ടെത്തിക്കും.
 അമിതമായ ദേഷ്യവും അധിക അസ്വസ്ഥതകളും കണ്ടില്ലെന്ന് നടിക്കരുത്.
ഭാവിയിൽ പ്രകടമാകും
സ്കൂൾ കൗൺസിലർ നൽകിയ ഫീഡ് ബാക്ക് അനുസരിച്ച് കുട്ടികളിൽ വൈകാരിക പ്രശ്നങ്ങൾ വലുതായി കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൊവിഡ് കഴിഞ്ഞ് ഭാവിയിൽ രണ്ട് മൂന്നു തലങ്ങളിൽ കുട്ടികൾ ഇപ്പോൾ നേരിടുന്ന മാനസിക വിഷമങ്ങൾ പ്രകടമാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻസ് പദ്ധതിയിലൂടെ കുട്ടികളിലേയ്ക്ക് കൗൺസിലർമാരെ എത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് സംസ്ഥാനത്ത് നിലവിൽ നടക്കുന്നത്.
ടീച്ചർമാർക്ക് ട്രെയിനിംഗ് നൽകും
സംസ്ഥാനമൊട്ടാകെ സ്കൂളുകൾ പ്രവർത്തിക്കാത്ത സാഹചര്യമായതിനാൽ കുട്ടികൾക്ക് നേരിട്ട് കൗൺസലിംഗ് നൽകാൻ കഴിയില്ല. അതിനാൽ ടീച്ചർമാർക്ക് ട്രെയിനിംഗ് നൽകാനുള്ള ആലോചനകളാണ് സർക്കാർ നടത്തുന്നത്. ടീച്ചർമാർ മുഖാന്തരം പ്രശ്നങ്ങളുളള കുട്ടികളെ സ്ക്രീൻ ചെയ്യാനും അവർക്ക് ആത്മഹത്യ പ്രതിരോധത്തിനുള്ള നടപടികൾ നൽകാനുമാണ് ആലോചന. ഓൺലൈനായി നടക്കുന്ന പി.ടി.എ മീറ്റിംഗുകളിൽ രക്ഷകർത്താക്കൾക്ക് ടീച്ചർമാർ ഇക്കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കും.
മൊബൈൽ സാക്ഷരത
സാധാരണ കുടുംബങ്ങളിലെല്ലാം കുട്ടികൾക്കാണ് മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയവയെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നത്. എന്നാൽ കൊവിഡ് കാലം വന്നതോടെ രക്ഷകർത്താക്കളിൽ മൊബൈൽ ഉപയോഗം വർദ്ധിച്ചു. ജോലി ആവശ്യങ്ങൾക്കും ബിൽ അടയ്ക്കുന്നതിനുമെല്ലാം മൊബൈൽ വേണ്ടി വന്നു. മുമ്പ് പത്ത് തവണ വിളിച്ചാലും ഭൂരിപക്ഷം രക്ഷകർത്താക്കളും അവരുടെ ഒരു ദിവസത്തെ കൂലി നഷ്ടപ്പെടുത്തി പി.ടി.എ മീറ്റിംഗുകൾക്ക് പോകില്ലായിരുന്നു. എന്നാൽ മൊബൈൽ വഴി ലോഗിൻ ചെയ്ത് വിവിധ ആപ്പുകൾ വഴി പി.ടി.എ മീറ്റിംഗുകൾ ഭൂരിപക്ഷം സ്കൂളുകളും നടത്തുകയാണ്. ഓൺലൈൻ ക്ലാസുകൾ കുടുംബങ്ങളുമായും രക്ഷകർത്താക്കളുമായും അടുക്കാൻ ടീച്ചർമാരെ സഹായിച്ചെന്നും ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ കുട്ടികളുടെ മാനസിക സംഘർഷം പിടിച്ചുനിർത്താനാകുമെന്നുമാണ് സർക്കാർ കണക്കുകൂട്ടൽ.
''ഫിസിക്കൽ ആക്ടിവിറ്റികൾ കുറയുകയും സാമൂഹികമായ ഇടപെടലുകൾ ഇല്ലാതാവുകയും ചെയതതോടെ അന്തർമുഖരായ കുട്ടികൾ കൂടുതൽ അന്തർമുഖരാവുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യം സമപ്രായക്കാരോടൊപ്പം ഇടപഴകി സോഷ്യൽ സ്കിൽസ് നേടിയെടുക്കുക എന്നതാണ്. എന്നാൽ ലോക്ക്ഡൗൺ സമയത്ത് ഇത് നടക്കുന്നില്ല. കുട്ടികൾ വീട്ടിൽ തന്നെ അടഞ്ഞിരിക്കുമ്പോൾ അവർ ഇന്റർനെറ്റിലേക്കും മൊബൈലിലേയ്ക്കും കൂടുതൽ തിരിയുകയാണ്. ഈ ആസക്തിയും നവമാദ്ധ്യമങ്ങൾ വഴി ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്താം. കുട്ടികളിൽ ലഹരി ഉപയോഗം കുറഞ്ഞു എന്നത് മാത്രമാണ് ലോക്ക്ഡൗൺ സമയത്ത് ഉണ്ടായ നല്ല സ്വാധീനം''
.
ഡോ.സുബ്രഹ്മണ്യൻ,തൃശൂർ മാനസിക ആരോഗ്യ കേന്ദ്രം സീനിയർ കൺസൾട്ടന്റ്