ജൊഹനാസ്ബർഗ്: വർണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 26 വർഷം തടവറയിൽ കഴിഞ്ഞ ആൻഡ്രൂ മലാഞ്ചെനി(95) വിടവാങ്ങി. നെൽസൺ മണ്ടേലക്കൊപ്പം റോബൻ ഐലൻഡിൽ തടവിൽ കഴിഞ്ഞ മലാഞ്ചെനി കഴിഞ്ഞദിവസം പ്രിട്ടോറിയയിലെ ആശുപത്രിയിലാണ് മരിച്ചത്.
1964ൽ റിവോനിയ വിചാരണയിൽ നെൽസൺ മണ്ടേലയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ടവരിൽ ജീവിച്ചിരുന്ന അവസാനത്തെ ആളായിരുന്നു മലാഞ്ചെനി. റിവോനിയ വിചാരണയിൽ മണ്ടേലയ്ക്കും മലാഞ്ചെനിയ്ക്കും പുറമെ, ആറുപേർക്കു കൂടിയാണ് തടവ് വിധിച്ചത്. മലാഞ്ചെനി 26 വർഷത്തെ തടവിനു ശേഷം 1989ൽ പുറത്തിറങ്ങിയപ്പോൾ മണ്ടേല 1990ൽ 27 വർഷത്തെ തടവുജീവിതം കഴിഞ്ഞാണ് പുറംലോകം കണ്ടത്. ഇവരുടെ തടവുജീവിതമാണ് അപാർതീഡിനെതിരെ ലോകതലത്തിൽ പോരാട്ടം ശക്തിപ്പെടാൻ കാരണമായത്. ജയിലിൽ മണ്ടേല 466/ 64 നമ്പറും മലാഞ്ചെനി 467/ 64 നമ്പറും തടവുകാരായിരുന്നു.
♦ 1961ൽ വർണവിവേചനവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ചൈനയിൽ പരിശീലനത്തിനു പോയ മലാഞ്ചെനി അവിടെ വച്ച് മാവോ സേ തൂങ്ങിനെ കണ്ടത് ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.
♦ 1962ൽ ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ ശേഷം പോരാട്ടം തുടരുന്നതിനിടെയാണ് പിടിയിലായതും തടവിലായതും.
♦ മോചിതനായ ശേഷം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തോ സർക്കാറിന്റെയോ ഭാഗമാകാതിരുന്ന മലാഞ്ചെനി, നിർണായക സ്വാധീനം ചെലുത്തിയിരുന്നു.