kodiyeri

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരങ്ങളും ഉപയോഗിച്ച് ആക്രമണ തന്ത്രമാണ് കോൺഗ്രസും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അന്യസംസ്ഥാനങ്ങളിൽ രണ്ട് ചേരിയായി പ്രവർത്തിക്കുന്ന കോൺഗ്രസും ബി.ജെ.പിയും കേരളത്തിൽ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. രാവിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നടത്തുന്ന വാർത്താസമ്മേളനം ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും കോടിയേരി പരിഹസിച്ചു.

സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും. കേരളത്തിലെ ആർ.എസ്.എസിന് പ്രീയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് മാറി. ചെന്നിത്തലയ്ക്ക് ബോധപൂർവ്വം എല്ലാ പ്രോത്സാഹനവും ചെയ്‌തുകൊടുക്കുകയാണ് ആർ.എസ്.എസ്. എൽ.ഡി.എഫ് സർക്കാരിന് പൊതുജനങ്ങൾക്കിടയിൽ ഇകഴ്ത്തി കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

വിവാദങ്ങൾക്ക് പിറകെ പോകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. വികസനമാണ് സർക്കാരിന്റെ അജണ്ട. ജനപങ്കാളിത്തം ആവശ്യമുള്ള എല്ലാ സർക്കാർ പദ്ധതികൾക്കും പാർട്ടിയും മുന്നണിയും ഒപ്പമുണ്ടാകും. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി മനസിലാക്കി സ‌ർക്കാർ തീരുമാനമെടുക്കണമെന്നാണ് സി.പി.എം അഭിപ്രായം. സാധാരണഗതിയിൽ ആറ് മാസം കൂടുമ്പോൾ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗങ്ങൾ വിളിക്കാറുണ്ട്. അവർ പാർട്ടി മെമ്പർമാരായതിനാലാണ് യോഗം ചേർന്നത്. പ്രതിപക്ഷ നേതാവിനൊപ്പം ഇരുപത്തിയഞ്ചിൽപരം സ്റ്റാഫുകളുണ്ട്. ഇവരിൽ പലരും സർക്കാർ ഉദ്യോഗസ്ഥരാണ്.ഇവരെയൊക്കെ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇത് ശരിയാണോയെന്ന് പ്രതിപക്ഷനേതാവ് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

കൺസൾട്ടൻസി സേവനം എല്ലാ സർക്കാരുകളും പ്രയോജനപ്പെടുത്തുന്നതാണ്. എത്ര സംസ്ഥാനകമ്മിറ്റി അംഗങ്ങൾ ഉണ്ടെന്ന് നോക്കിയല്ല മന്ത്രിമാരുടെ ഓഫീസുകളിലെ മികവ് തീരുമാനിക്കുക. എൻ.ഐ.എ അന്വേഷണത്തിന്റെ ഭാഗമായി അവർക്ക് എവിടെ വേണമെങ്കിലും അന്വേഷിക്കാം. അന്വേഷണങ്ങളെ തടസപ്പെടുത്താൻ സർക്കാരോ പാർട്ടിയോ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ മുന്നിട്ടിറങ്ങണം. പ്രാദേശികമായ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കണം. ആർ.എസ്.എസ് അജണ്ട കോൺഗ്സുകാർ തിരിച്ചറിയണം. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്നത് പ്രതിപക്ഷ നേതാവിന്റെ തോന്നലാണ്. അദ്ദേഹം ജനങ്ങളോട് കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്യുന്നത്. ശിവശങ്കറിനെ കേസിൽ ഉൾപ്പെടുത്തുന്നെങ്കിൽ അത് പാർട്ടിയേയൊ സർക്കാരിനേയോ ബാധിക്കില്ല. അത് ശിവശങ്കറിനെ വ്യക്തിപരമായി മാത്രമാകും ബാധിക്കുകയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇനിയുള്ള ദിവസങ്ങളിൽ വേഗതയോടെ കാര്യങ്ങൾ ചെയ്യണം, സർക്കാർ തീരുമാനിച്ച പ്രവർത്തനങ്ങളെല്ലാം വേഗത്തിൽ നടത്തണം എന്നീ നിർദേശങ്ങളാണ് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നൽകിയതെന്നും കോടിയേരി പറഞ്ഞു.