കൊല്ലം: അഞ്ചലിൽ സ്രവം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയ്ക്കെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. ആശുപത്രിയിൽ മറ്റൊരു അസുഖത്തിനായി ചികിത്സയ്ക്ക് വന്നതാണ് ഇദ്ദേഹം. കൊവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ പ്രകോപിതനായി ആക്രമിക്കാൻ ശ്രമിച്ചത്. ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സ്രവ പരിശോധനയുടെ ഫലം വന്നപ്പോഴാണ് കൊവിഡ് പൊസീറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. അഞ്ചലിൽ ഇന്നലെ ഒരു കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ പന്ത്രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.