guru

കറാച്ചി: ബലൂചിസ്ഥാനിലെ 200 വർഷം പഴക്കമുള്ള സിരി ഗുരു സിംഗ് ഗുരുദ്വാര, 73 വർഷത്തിന് ശേഷം സിഖ് വിഭാഗത്തിന് പ്രാർത്ഥന നടത്താനായി തിരികെ നൽകി. ഇനി സിഖുക്കാർക്ക് ഇവിടെ മതപരമായ ചടങ്ങുകൾ നടത്താം.

കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി മുസ്ളീം പെൺകുട്ടികൾക്കുള്ള സർക്കാർ‌ സ്കൂളായിരുന്ന ഗുരുദ്വാര, പുനരുദ്ധരിച്ച ശേഷമാണ് ഔദ്യോഗികമായി സിഖ് മതവിഭാഗത്തിന് തിരികെ നൽകിയത്.

ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലെ മസ്ജിദ് റോഡിലാണ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.

14, 000 ചതുരശ്ര അടിയാണ് വിസ്തീർണം. നിലവിലെ വിപണി വില അനുസരിച്ച് ഈ പ്രദേശത്തിന് നല്ല വില കിട്ടുമെങ്കിലും സിഖ് സമുദായത്തിന് തിരികെ നൽകാനായിരുന്നു സർക്കാർ തീരുമാനം. ഇവിടെ പ്രവർത്തിച്ചിരുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് സമീപത്തെ മറ്റ് സ്കൂളുകളിൽ പ്രവേശനം നൽകിയതായും ദിനേഷ് കുമാർ വ്യക്തമാക്കുന്നു.

ഈ വർഷം ആദ്യം 200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രവും പാക് സർക്കാർ തിരിച്ച് നൽകിയിരുന്നു.

 സർക്കാരിന്റെ സമ്മാനം

ഗുരുദ്വാര പുനരുദ്ധരിച്ച് തിരികെ നൽകിയത് സർക്കാരിന്റെ സമ്മാനമായി കാണുന്നുവെന്ന് ബലൂചിസ്ഥാനിലെ സിഖ് സമുദായ കമ്മിറ്റി ചെയർമാൻ സർദാർ ജസ്ബീർ സിംഗ് പറഞ്ഞു.

ബലൂചിസ്ഥാനിലെ 2000ത്തിലധികം സിഖ് കുടുംബങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗുരുദ്വാരയെന്നും ജസ്ബീർ പറ‌ഞ്ഞു.