ബാങ്കോക്ക്: ആറുപതിറ്റാണ്ട് മുൻപ് ആറു കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനായ തായ്ലാൻഡിലെ ആദ്യ ‘സീരിയൽ കില്ലർ’ ഷി ഓയ്ക്ക് ഒടുവിൽ അന്ത്യവിശ്രമം. ഇത്രയും വർഷം ബാങ്കോംഗിലെ സിരിരാജ് ആശുപത്രിയിലെ ഫോറൻസിക് മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരുന്ന മൃതദേഹം ദിവസങ്ങൾ മുമ്പ്, ബുദ്ധമത വിശ്വാസ പ്രകാരം ഒൻപത് ബുദ്ധസന്യാസികൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ചൈനയിൽ നിന്ന് തായ്ലൻഡിലേക്ക് കുടിയേറിയ ഷി ഒായിയെ കാട്ടിനുള്ളിൽ എട്ട് വയസുകാരന്റെ മൃതദേഹം കുഴിച്ചിടാനുള്ള ശ്രമത്തിനിടെ 1958ൽ പിടികൂടിയെന്നാണ് പൊലീസ് രേഖകളിലുള്ളത്. അന്വേഷണത്തിൽ അഞ്ച് കുട്ടികളെ കൂടി കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. 1959 സെപ്റ്റംബർ 16ന് 32ാം വയസിൽ ഇയാളെ വെടിവച്ചു കൊന്നു. സിരിരാജ് ആശുപത്രിക്ക് പഠനത്തിനായി കൈമാറിയ മൃതദേഹം ‘മമ്മി’ മാതൃകയിൽ പ്രദർശനവസ്തുവായി. ഷി തന്നെയാണോ യഥാർത്ഥ കുറ്റവാളി എന്ന സംശയം കഴിഞ്ഞ പതിറ്റാണ്ടിൽ ഉയർന്നുവന്നു. ഷിയ്ക്ക് നീതി ലഭ്യമായില്ലെന്നും അന്ത്യകർമങ്ങളെങ്കിലും നൽകണമെന്നും ആവശ്യപ്പെട്ട് 2018ൽ കാമ്പയിൻ ആരംഭിച്ചു. ഇതോെടെ അന്ത്യകർമത്തിന് അവസരം ഒരുങ്ങി. ഷി നിരപരാധിയാണെന്ന് ഒപ്പം ജോലി ചെയ്തിരുന്ന തന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നതായി വന്നപ്പ തോംഗ്ചിൻ എന്ന സ്ത്രീ പറഞ്ഞു. അന്നത്തെ സംഭവങ്ങൾക്ക് ഖേദം പ്രകടിപ്പിക്കാനേ കഴിയൂവെന്നും സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം അവർ വ്യക്തമാക്കി.