13-ാം സീസൺ ഐ.പി.എൽ സെപ്തംബർ പത്തൊൻപത് മുതൽ നവംബർ എട്ടു വരെ യു.എ.ഇയിൽ നടക്കും
മുംബയ് : ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സമയവും വേദിയും അനൗദ്യോഗികമായി ഫ്രാഞ്ചൈസികളെ അറിയിച്ച് ബി.സി.സി.ഐ. ഈ വർഷം സെപ്തംബർ പത്തൊൻപത് മുതൽ നവംബർ എട്ടു വരെ യു.എ.ഇയിലാണ് ഐ.പി.എൽ നടക്കുക. ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാനും അന്തിമാനുമതി നൽകാനും ഐ.പി.എൽ ഭരണസമിതി അടുത്തയാഴ്ച യോഗം ചേരും. ഒരുക്കങ്ങൾക്കുവേണ്ടി കളിക്കാരുമായി ടീമുകൾ ആഗസ്റ്റ് 20ന് യു.എ.ഇയിൽ തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ബേസ് ക്യാമ്പിലെത്തണമെന്നാണ് ബി.സി.സി.ഐ നിർദ്ദേശം..
51 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ ഐ.പി.എൽ തന്നെയാണ് ഈ വർഷം നടക്കുക.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ മുൻകരുതലുകളോടെയാണ് ടൂർണമെന്റ് നടത്തേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് പട്ടേൽ അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗികമായി യു.എ.ഇ ക്രിക്കറ്റ് ബോർഡിന് കത്തു നൽകുമെന്നും പട്ടേൽ പറഞ്ഞു. മത്സരങ്ങൾക്ക് കാണികളെ അനുവദിക്കുമോ എന്ന കാര്യം യു.എ.ഇ സർക്കാരാണ് തീരുമാനിക്കേണ്ടത്. ഈ വർഷം സെപ്തംബർ–ഒക്ടോബർ മാസങ്ങളിലായി ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയതോടെയാണ് ഐ.പി.എല്ലിന് നടത്താൻ വഴി തെളിഞ്ഞത്.
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയം , ഷാർജ സ്റ്റേഡിയം എന്നിങ്ങനെ യുഎഇയിലെ മൂന്ന് മൈതാനങ്ങളിലായാണ് ടൂർണമെന്റ് നടത്തുക. ഐ.സി.സി അക്കാദമിയുടെ മൈതാനം പരിശീലന ആവശ്യങ്ങൾക്കായി വിട്ടുനൽകും.
രണ്ട് ഫുൾസൈസ് ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വലിപ്പമുള്ള ഐ.സി.സി. അക്കാഡമി മൈതാനത്ത് 38 ടർഫ് ബാറ്റിംഗ് പിച്ചുകളും ആറ് ഇൻഡോർ പിച്ചുകളുമുണ്ട്. 5700 ചതുരശ്ര അടി വിസ്തീർണമുള്ള ഒൗട്ട്ഡോർ കണ്ടീഷനിംഗ് ഏരിയയുമുണ്ട്. എട്ട് ടീമുകൾക്കും ഇവിടെ പരിശീലനമൊരുക്കാനുള്ള സൗകര്യമുണ്ട്.
യു.എ.ഇയിലെ ഇപ്പോഴത്തെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല.