chi

ബീജിംഗ്: ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള ചൈനീസ് കോൺസുലേറ്റ് ഉടൻ അടയ്ക്കണമെന്ന് അമേരിക്ക നിർദ്ദേശിച്ചതിന് പിന്നാലെ ഒട്ടേറെ രേഖകൾ കോൺസുലേറ്റ് വളപ്പിൽ ചൈനീസ് അധികൃതർ കൂട്ടിയിട്ട് കത്തിച്ചതായി റിപ്പോർട്ട്.

കോൺസുലേറ്റ് പൂട്ടണമെന്ന ഉത്തരവ് ലഭിച്ചതായി ബീജിംഗ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവം. കടലാസുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. തീ പിടിത്തം അറിഞ്ഞെത്തിയ ഹൂസ്‌റ്റൺ അഗ്നിശമന സേനയെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. അതേസമയം,​ കത്തിച്ച രേഖകൾ എന്തൊക്കെയെന്ന് വ്യക്തതയില്ല. ചൈനീസ് ഹാക്കർമാർ കൊവിഡ് വാക്സിൻ ഗവേഷണ വിവരങ്ങൾ ചോർത്തുന്നുവെന്ന അമേരിക്കൻ ജസ്റ്റിസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ചൈനീസ് കോൺസുലേറ്റ് പൂട്ടാൻ അമേരിക്ക നിർദേശിച്ചത്. വാഷിംഗ്ടണിലെ എംബസിക്ക് പുറമേ അമേരിക്കയിലെ അഞ്ച് ചൈനീസ് കോൺസുലേറ്റുകളിലൊന്നാണ് ഹൂസ്റ്റണിലുള്ളത്.

മറുപടിയുമായി ചൈന

ഹൂസ്റ്റണിലുള്ള ചൈനീസ് കോൺസുലേറ്റ് അടയ്ക്കാൻ നിർദ്ദേശിച്ച അമേരിക്കയ്ക്ക് തിരിച്ചടിയെന്നോണം തെക്കുപടിഞ്ഞാറൻ ചൈനയിലെ ചെങ്ദുവിലുള്ള യു.എസ് കോൺസുലേറ്റിന്റെ ലൈസൻസ് ചൈനീസ് ഗവൺമെന്റ് റദ്ദാക്കി. ചൈനയിൽ അഞ്ചിടത്ത് അമേരിക്കയ്ക്ക് കോൺസുലേറ്റുകളുണ്ട്. ഷാങ് ഹായ്, ഗ്വാങ്ഷു, ഷെൻയാങ്, വുഹാൻ എന്നിവിടങ്ങളിലാണ് മറ്റു നാല് കോൺസുലേറ്റുകൾ. ഇതിനു പുറമേ ഹോങ്കോംഗിലും അമേരിക്കയ്ക്ക് കോൺസുലേറ്റുണ്ട്.

1985ൽ പ്രവർത്തനം തുടങ്ങിയ ചെങ്ദു കോൺസുലേറ്റിൽ 200 ഓളം ജീവനക്കാരുണ്ട്. 150ഓളം പേർ ചൈനക്കാരാണ്.

 കൂടുതൽ ചൈനീസ്​ കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിടുന്ന കാര്യം ആലോചനയിലുണ്ട്.

- ഡൊണാൾഡ്​ ട്രംപ്​, അമേരിക്കൻ പ്രസിഡന്റ്

 ചാരവൃത്തി നടത്തുന്ന കേന്ദ്രമായതിനാലാണ് ഹൂസ്റ്റണിലെ ചൈനയുടെ കോൺസുലേറ്റ് അടപ്പിച്ചത്. അമേരിക്കൻ കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ നിയമവിരുദ്ധമായി തട്ടിയെടുക്കാനായിരുന്നു ശ്രമം.

- അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ