സോൾ : എല്ലാവരെയും വിറപ്പിക്കുന്ന ആളാണെങ്കിലും സ്വന്തം രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാട് ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിന് ഒരു വിഷയമേയല്ല. രാജ്യത്ത് ലക്ഷക്കണക്കിന് പേർ പട്ടിണിയിലാണെന്നാണ് റിപ്പോർട്ട്.
ഉത്തര കൊറിയയിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയുടെ വക്കിലാണെന്ന് യു.എൻ ഭക്ഷ്യ ഏജൻസി കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. 1990കൾ മുതൽ തന്നെ ഉത്തര കൊറിയയിൽ ഭക്ഷ്യക്ഷാമം ഗുരുതരമാണ്. കഴിഞ്ഞ വർഷമുണ്ടായ പ്രളയമുൾപ്പെടെയുള്ള ദുരിതങ്ങൾ ഈ വർഷം ഭക്ഷ്യക്ഷാമത്തിന്റെ തീവ്രത കൂട്ടാൻ കാരണമായി. കൊവിഡ് പ്രതിസന്ധിയും ഉത്തര കൊറിയയിൽ ക്ഷാമത്തിന് ആക്കം കൂട്ടിയതായി യു.എൻ വിദഗ്ദ്ധർ പറയുന്നു. ഉത്തര കൊറിയയിലെ ആകെ ജനസംഖ്യയുടെ 40 ശതമാനവും കടുത്ത ദാരിദ്ര്യത്തിലാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട്.
എന്നാൽ ഇതിനിടെയിൽ രാജ്യത്തെ ചിക്കൻ ഫാമുകൾ നവീകരിക്കുന്നതിലാണ് കിമ്മിന് ശ്രദ്ധ. മാത്രമല്ല, പട്ടിണിയകറ്റാൻ വെള്ളാമകളെ കഴിക്കാനാണ് ജനങ്ങൾക്ക് കിം ഭരണകൂടത്തിന്റെ ഉപദേശം.
അടുത്തിടെ പ്യോംഗ്യാംഗിന് തെക്കുള്ള ഹ്വാംഗ്ജുവിലെ ഒരു പുതിയ ചിക്കൻ ഫാം പരിശോധിക്കാനെത്തിയ കിം, ഫാം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിർമാണത്തിലിരിക്കുന്ന ഫാമിനെ കാലഹരണപ്പെട്ട പൗൾട്രിഫാം എന്നാണ് കിം വിശേഷിപ്പിച്ചത്. കൂടാതെ രാജ്യത്തെ മറ്റ് ചിക്കൻ ഫാമുകളുടെ അവസ്ഥ പിന്നിലാണെന്നും പലതും രണ്ട് ദശാബ്ദത്തിലേറെ പഴക്കമുള്ളതാണെന്നും അവയെല്ലാം ഇതേ മാതൃകയിൽ നവീകരിക്കുന്നത് നന്നായിരിക്കുമെന്നുമാണ് കിമ്മിന്റെ അഭിപ്രായം. ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന ഫാമിൽ നിന്നും ആയിരക്കണക്കിന് ടൺ മാംസവും ദശലക്ഷക്കണക്കിന് മുട്ടയും പ്രതിവർഷം ഉത്പാദിപ്പിക്കുമെന്നാണ് കിം പറയുന്നത്. കിം എന്നാണ് സന്ദർശനം നടത്തിയതെന്ന് വാർത്താ ഏജൻസി വ്യക്തമാക്കിയിട്ടില്ല.
ആമകളിലെ ചെറിയ സ്പീഷീസുകളായ വെള്ളാമകളെ ( ടെറാപിൻ ) ആഹാരമാക്കാൻ ജനങ്ങളോട് കിം നിർദ്ദേശിച്ചതായി ഈ ആഴ്ച വാർത്തകൾ പുറത്തുവന്നിരുന്നു. പണ്ട് കാലങ്ങളിൽ രുചിയും പോഷക ഗുണങ്ങളുമുള്ള ചെറിയ വെള്ളാമകളെ ആഹാരത്തിനായി ഉപയോഗിച്ചിരുന്നതായി കിം പറയുന്നു. ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ 'നേനറ'യിലൂടെയാണ് ജനങ്ങളോടുള്ള കിമ്മിന്റെ ഉപദേശം. വെള്ളാമകളിൽ ഉയർന്ന രക്ത സമ്മർദ്ദം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ള പ്രോട്ടീനുകളും അമിനോ ആസിഡുകളും ഉണ്ടെന്നും ഉത്തര കൊറിയയുടെ പരമ്പരാഗത ചികിത്സാ രീതിയിൽ ഇവയുടെ രക്തവും പുറന്തോടും വ്യാപകമായി ഉപയോഗിച്ചിരുന്നതായും വെബ്സൈറ്റിൽ കുറിച്ചിരുന്നു. ഇതിനിടെ രാജ്യത്ത് ജനങ്ങളെ ഭക്ഷണത്തിനായി വേട്ടയാടൽ നടത്തുന്നതിന് ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഏതായാലും രാജ്യത്ത് ജനങ്ങൾ വലയുമ്പോഴും കിമ്മിന്റെ രാജകീയ ഭക്ഷണ രീതിയും അണുവായുധ പരീക്ഷണങ്ങളും യാതൊരു തടസവുമില്ലാതെ നടക്കുന്നു