മുംബയ്: വെള്ലിത്തിരയിലെ താര സിംഹാസനത്തിൽ നിന്ന് അകാലത്തിന്റെ തിരശീലയിലേക്ക് മാഞ്ഞ നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം 'ദിൽ ബേച്ചാരാ" കരഞ്ഞു തളർന്ന ആരാധകർക്കായി സമർപ്പിച്ചു. ഇന്നലെ 7.30ന് ഡിസ്നി ഹോട്ട്സ്റ്റാറിലായിരുന്നു റിലീസിംഗ്. സുശാന്തിനോടുള്ള ആദരസൂചകമായി സൗജന്യമായാണ് പ്രദർശിപ്പിക്കുകയെന്ന് നിർമ്മാതാക്കളായ ഫോക്സ്സ്റ്റാർ സ്റ്റുഡിയോസ് അറിയിച്ചിരുന്നു. ചിത്രം സമർപ്പിച്ചിരിക്കുന്നതും സുശാന്തിനാണ്.
ജൂലായ് ആറിന് യൂട്യൂബിൽ റിലീസ് ചെയ്ത ട്രെയിർ വൻ സ്വീകാര്യത നേടിയിരുന്നു. 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ 4.8 മില്യൻ ലൈക്കുമാണ്നേടിയത്. എ.ആർ. റഹ്മാൻ ഈണം നൽകിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിലും ഇടംനേടി. കാസ്റ്റിംഗ് ഡയറക്ടറും നടനുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് 'ദിൽ ബേച്ചാരാ'.
പാവം ഹൃദയങ്ങളുടെ കഥ
പ്രശസ്ത അമേരിക്കൻ കഥാകാരനും യൂട്യൂബ് കണ്ടന്റ് ക്രിയേറ്രറുമായ ജോൺ ഗ്രീൻ എഴുതിയ 'ദ ഫാൾട്ട് ഇൻ ഔർ സ്റ്റാർസ്" എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'ദിൽ ബേച്ചാരാ'. കാൻസർ രോഗികളായ ഇമ്മാനുവൽ രാജ്കുമാർ ജൂനിയർ എന്ന മാനിയും (സുശാന്ത്) കിസി ബാസുവും (സഞ്ജന സാംഘി) തമ്മിലുള്ള പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥ പറയുന്ന മനോഹര ചിത്രം. അർബുദം ബാധിച്ചിട്ടും ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടുന്ന കഥാപാത്രത്തെയാണ് സുശാന്ത് അവതരിപ്പിച്ചത്. സെയ്ഫ് അലി ഖാനും മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്.