ചെങ്ങന്നൂർ: കൊവിഡ് നീരീക്ഷണത്തിൽ കഴിഞ്ഞവർക്കൊപ്പം താമസിച്ച വയോധികൻ മരിച്ചു. സ്രവ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.
തിട്ടമേൽ കമ്പടിവില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന തെങ്കാശി സ്വദേശി ദീനൂരി (55) ആണ് മരിച്ചത്. നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് 22ന് ദീനൂരിയെ ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.നില വഷളായതോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നാണ് സ്രവം പരിശോധിച്ചത്.
ജൂൺ 28ന് ബന്ധുക്കളായ രണ്ടുപേർ തെങ്കാശിയിൽ നിന്നെത്തി ദീനൂരിയുടെ വാടക വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. തുടർന്ന് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്രുകയും ചെയ്തു. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളായിരുന്നു ദീനൂരി. മുത്തുക്കുട നിർമ്മാണവും അനുബന്ധ ജോലികളും ചെയ്തുവരികയായിരുന്നു.നാട്ടിലായിരുന്ന ദീനൂരി ലോക് ഡൗണിനു ശേഷം ജൂൺ അഞ്ചിന് ഭാര്യക്കും മക്കൾക്കുമൊപ്പം മടങ്ങിയെത്തി ക്വാറന്റൈനിലായിരുന്നു. അന്ന് ഫലം നെഗറ്റീവായിരുന്നു.
ദിനൂരിയുടെ സംസ്‌കാരം പിന്നീട്. ഭാര്യ: ഷാജഹാൻ, മക്കൾ: മുഹമ്മദ് സായി കനി, അബ്ദുൾ ഫാസിസ്
കൊവിഡ്: മലയാളി വ്യാപാരി
മംഗളൂരുവിൽ മരിച്ചു
കാസർകോട്: കൊവിഡ് ബാധിച്ച് മംഗളൂരു വെൻലോക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി വ്യാപാരി മരിച്ചു. ഉപ്പള ബപ്പായിതൊട്ടിയിലെ മുഹമ്മദ് ഷഫീഖാണ് (52) ഇന്നലെ രാവിലെ ഒമ്പതോടെ മരിച്ചത്. അസുഖത്തെ തുടർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബപ്പായിത്തൊട്ടിയിലെ അബ്ദുൽ അസീസിന്റെയും അസ്മത്തുന്നിസയുടെയും മകനാണ്. ഭാര്യ: വഹീദ ബാനു. മക്കൾ: മുഹമ്മദ് സൂഫിയാൻ, മുഹമ്മദ് സഫ്വാൻ, സുഹൈല ബാനു. സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ (ഗായകൻ), മുഹമ്മദ് അസ്ലം, അഫ്സൽ, ജാവിദ്, നിസാം, ഫിർദൗസ് ബാനു.