anil-kumble-sreenath

ബംഗളുരു : 1999 ഫെബ്രുവരി ഏഴിന് ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തിൽ ഇന്ത്യൻ താരം അനിൽ കുംബ്ലെ ടെസ്റ്റിലെ ഒരിന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തി ‘പെർഫെക്ട് ടെൻ’ എന്ന അപൂർവ നേട്ടം കൈവരിച്ചത് ചരിത്രമാണ്.ചിരവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെ അതുല്യ നേട്ടം സ്വന്തമാക്കിയത്. ആ മത്സരത്തിൽ സഹതാരമായിരുന്ന ജവഗൽ ശ്രീനാഥ് വിക്കറ്റെടുക്കാതെ തന്നെ ‘സഹായിച്ച’ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് കുംബ്ളെ. കുംബ്ലെയുടെ 9–ാം വിക്കറ്റിനും 10–ാം വിക്കറ്റിനും ഇടയ്ക്കുള്ള ഒരു ഓവർ ബൗൾ ചെയ്ത ശ്രീനാഥിന്റെ നിസ്വാർഥനായ സ്നേഹമാണ് തനിക്ക് റെക്കാഡിലെത്താൻ വഴിതുറന്നതെന്ന് കുംബ്ളെ സിംബാബ്‍വെയുടെ മുൻ താരവും കമന്റേറ്ററുമായ എംബാംഗ്വെയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ പറഞ്ഞു.

കുംബ്ലെയുടെ ചരിത്ര നേട്ടത്തിന് വിലങ്ങുതടിയാകാതിരിക്കാൻ ഒട്ടേറെ വൈഡുകൾ നിറച്ചാണ് ശ്രീനാഥ് ഓവർ ചെയ്തത്. ഒറ്റപ്പന്തുപോലും സ്റ്റംപിന് നേരേ പോകാതിരിക്കാനും ശ്രമിച്ചു. അന്ന് പാക്ക് ഇന്നിംഗ്സിലെ 59–ാം ഓവറിലെ അവസാന പന്തിലാണ് കുംബ്ലെ ഒൻപതാമത്തെ വിക്കറ്റ് സ്വന്തമാക്കുന്നത്. ഇതോടെ അടുത്ത ഓവർ ബൗൾ ചെയ്യേണ്ട ചുമതല കുംബ്ലെയുടെ കർണാടക സ്റ്റേറ്റ് ടീം മുതൽ കുംബ്ളെയുടെ അടുത്ത സുഹൃത്തു കൂടിയായ ശ്രീനാഥിനായി. ഒറ്റ വിക്കറ്റ് നേടിയാൽപ്പോലും സുഹൃത്തിന്റെ അപൂർവ നേട്ടം തകരുമെന്ന തിരിച്ചറിവിലാണ് ശ്രീനാഥ് ആ ഓവർ ബൗൾ ചെയ്തത്. പിന്നീട് തൊട്ടടുത്ത ഓവറിൽ വസിം അക്രത്തെ പുറത്താക്കി കുംബ്ലെ ചരിത്രനേട്ടം സ്വന്തമാക്കി.

‘ ഒരുപക്ഷേ, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ ഓവറായിരിക്കും അത്. അന്നുവരെ പഠിച്ച സകല കാര്യങ്ങളും മറന്നാണ് അദ്ദേഹം തുടർച്ചയായി വൈഡുകൾ എറിഞ്ഞത്. അങ്ങനെ ചെയ്യണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. പിന്നീട് എനിക്ക് ബൗളിംഗിന് അവസരം ലഭിച്ചപ്പോൾ ആ ഓവറിൽത്തന്നെ 10–ാമത്തെ വിക്കറ്റും വീഴ്ത്തണമെന്ന് ഞാൻ നിശ്ചയിച്ചിരുന്നു. കാരണം ശ്രീനാഥിനോട് ഒരു ഓവർ കൂടി ഇത്തരത്തിൽ ബോൾ ചെയ്യാൻ ആവശ്യപ്പെടുന്നത് നീതികേടാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. – കുംബ്ലെ വിവരിച്ചു

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ പെർഫെക്ട് ടെൻ എന്ന നേട്ടം കൈവരിച്ച രണ്ടു താരങ്ങൾ മാത്രമാണുള്ളത്. ഇതിൽ ആദ്യത്തെയാൾ ഇംഗ്ലണ്ടിന്റെ ജിം ലേക്കർ ആണ്. രണ്ടാമത്തെ താരമാണ് അനിൽ കുംബ്ലെ. ലേക്കറുടേതുപോലെതന്നെ രണ്ടാം ഇന്നിംഗ്സിലാണു കുംബ്ലെയും പത്തു വിക്കറ്റ് സ്വന്തമാക്കിയത്. ആ ടെസ്‌റ്റിൽ കുംബ്ലെ നേടിയത് ആകെ വിക്കറ്റുകൾ 14. ആ മൽസരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. കുംബ്ലെയ്ക്ക് ‘പെർഫെക്ട് ടെൻ’ നിഷേധിക്കാൻ ഒരാൾ റണ്ണൗട്ടാവുകയോ മറ്റോ ചെയ്യാമെന്ന് ഒടുവിൽ പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ സംസാരമുണ്ടായതായി അന്നത്തെ ക്യാപ്ടൻ വസിം അക്രം പിന്നീട് വെളിപ്പെടുത്തിയിരുന്നു.