tvpm-covid

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ 167 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 101 പേർ ജില്ലയിൽ കൊവിഡ് നെഗറ്റീവായത് ആശ്വാസകരമാണ്. പൂന്തുറ,പുല്ലുവിള, പുതുക്കുറുച്ചി, ബീമാപ്പള്ളി, അഞ്ചുതെങ്ങ് എന്നിങ്ങനെ അഞ്ച് ക്ലസ്റ്ററുകളാണ് ജില്ലയിൽ നിലവിലുള്ളത്. ഇവിടങ്ങളിൽ സമീപ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നതായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

1817 കിടക്കകളുമായി ജില്ലയിൽ പുതുതായി 18 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുങ്ങുന്നുണ്ട്. പുല്ലുവിളയിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 288 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. 42.12 ശതമാനമാണ് കൊവിഡ് പോസിറ്റീവാകുന്നവരുടെ ശതമാന കണക്ക്. നാല് ദിവസം നടത്തിയ കൊവിഡ് പരിശോധനയിൽ രോഗവ്യാപന തോത് കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താറായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിൽ രണ്ട് പ്രദേശങ്ങളിൽ സമൂഹ വ്യാപനമുണ്ടായെങ്കിലും പിടിച്ച് നിർത്താൻ കഴിഞ്ഞു. കർശനമായ നിരീക്ഷണങ്ങളാണ് നടന്നു വരുന്നത്. ആന്റിജൻ പരിശോധന ജില്ലയിൽ വ്യാപകമാക്കിയിട്ടുണ്ട്. കേസ് വ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിംഗ് നടത്തി കാര്യങ്ങൾ കൃത്യമായി പരിശോധിക്കുന്നുണ്ട്. കണ്ടെയ്ൻമെന്റ് പ്രദേശത്തെ എല്ലാ ആളുകളെയും നിരീക്ഷണത്തിലാക്കും. സൂപ്പർ സ്പ്രെഡിലേയ്ക്ക് പോയ പ്രദേശങ്ങൾ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് പരിശോധനകൾ വ്യാപിച്ചു. അതിർത്തി കടന്നുവരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒ.പി തുടങ്ങിയിട്ടുണ്ട്. കൂടുതൽ കർക്കശമായ നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.