അൽഫോൺസ് പുത്രനും നിവിൻ പോളിയും
സിജു വിൽസണുമൊക്കെ എന്റെ സുഹൃത്തുക്കളാണ് അവരാണ് ഞാൻ സിനിമയിലെത്താൻ നിമിത്തമായതും
നേരത്തിലൂടെയും പ്രേമത്തിലൂടെയും ശ്രദ്ധേയനായ കൃഷ്ണശങ്കർ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
അഭിനയമോഹം കുട്ടിക്കാലത്തേ ഉണ്ടായിരുന്നോ?
ഒരിക്കലുമില്ല. പ്ലസ് ടു വരെ ഒരു നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ല. സ്കൂളിൽ എപ്പോഴും കുസൃതിക്കാരന്റെ ഇമേജായിരുന്നു. എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിച്ച് വീട്ടുകാർക്ക് തലവേദന ഉണ്ടാക്കുന്നൊരു പയ്യൻ. പക്ഷേ എന്റെ ചേട്ടൻ നന്നായി പഠിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യും. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദേവാസുരം റിലീസായത്. വീട്ടിൽ കുരുത്തക്കേട് കാണിച്ചിട്ട് അമ്മ അടിക്കാൻ വരുമ്പോൾ നീലകണ്ഠന് ഇതൊന്നും പ്രശ്നമല്ലെന്ന് ഞാൻ പറയും. ഇതു കേട്ട അമ്മ എന്നെ ഓടിച്ചിട്ട് അടിച്ചിട്ടുണ്ട്.
എങ്ങനെയാണ് അൽഫോൺസ് പുത്രനുമായുള്ള സൗഹൃദം ?
ഡിഗ്രിക്ക് ആലുവ എം.ഇ.എസ് കോളേജിൽ പഠിക്കുമ്പോഴാണ് അൽഫോൺസിനെ പരിചയപ്പെടുന്നത്. എന്റെ സീനിയറായിരുന്നു. ഞാനും ശബരീഷ് വർമ്മയും അൽഫോൺസുമെല്ലാം ഒരു ഗ്യാംഗായിരുന്നു. ശബരീഷ് നന്നായി വായിക്കുകയും സിനിമയെക്കുറിച്ചു സംസാരിക്കുകയും ചെയ്യും. ആലുവാ പാലസിലുള്ള ഗോപൂസ് കൂൾ ബാറിലാണ് ഞങ്ങൾ ഒന്നിച്ചുകൂടിയിരുന്നത്. അവിടെയാണ് സിനിമാ ചർച്ചകളെല്ലാം നടക്കുക. പ്രേമം സിനിമയിൽ ഗോപൂസ് കൂൾ ബാർ കാണിക്കുന്നുണ്ട്. കട സെറ്റായിരുന്നെങ്കിലും ഗോപൂസിന്റെ ഉടമ ഉണ്ണിച്ചേട്ടൻ തന്നെയാണ് അഭിനയിച്ചത്. അന്നത്തെ ചർച്ചകളിൽ നിന്നാണ് നേരം ഉണ്ടാകുന്നത്. ആദ്യം ഷോർട്ട് ഫിലിമാണ് ചെയ്തത്. സിനിമാട്ടോഗ്രഫി പഠിച്ചു നിൽക്കുന്ന സമയമായതുകൊണ്ട് കാമറ ചെയ്തത് ഞാനാണ്. നേരത്തിൽ അഭിനയിക്കാനാണ് നിവിൻ പോളിയും സിജു വിത്സണും നമ്മുടെ ടീമിലേക്കു വരുന്നത്. അൽഫോൺസും നിവിനും സിജുവുമൊക്കെ പള്ളിയിലെ സുഹൃത്തുക്കളായിരുന്നു.
നേരം റിലീസ് ചെയ്തതോടെ ജീവിതം മാറിയോ?
ആലുവ കമ്പനിപ്പടിയിൽ ഞങ്ങളുടെയെല്ലാം ഫോട്ടോകൾ പതിച്ച വലിയ ഫ്ളക്സ് വച്ചിരുന്നു. ഞാനും ഭാര്യ നീനയും രാത്രിയിൽ അതുകാണാൻ പോയി. റിലീസിന്റെ തലേദിവസം ഞങ്ങളാരും ഉറങ്ങിയിട്ടില്ല. പുലർച്ചവരെ ആലുവയിലെ മുക്കിലും മൂലയിലും പോസ്റ്റർ ഒട്ടിച്ചു. ആലുവാ സെന്റ് സേവിയേഴ്സ് കോളേജിന്റെ മുന്നിൽ പോസ്റ്റർ ഒട്ടിക്കാൻ മത്സരമായിരുന്നു. രാവിലെയായപ്പോൾ എനിക്ക് ടെൻഷനായി. എന്റെ അഭിനയം ആളുകൾക്ക് ഇഷ്ട്ടപ്പെടുമോ എന്നൊരു സംശയമുണ്ടായിരുന്നു. അപ്പോഴെല്ലാം നീന സമാധാനിപ്പിച്ചു. എറണാകുളം പത്മയിലെ ബാൽക്കണിയിലിരുന്നാണ് ഞങ്ങളെല്ലാം ആദ്യ ഷോ കണ്ടത്. തുടക്കം മുതലേ സിനിമ എല്ലാവരും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. ഞാൻ അവതരിപ്പിച്ച മാണിക്കിന്റെ ഡയലോഗ് വന്നപ്പോൾ തിയേറ്ററിൽ ചിരിപൊട്ടി. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ആളുകൾ എന്നെ തിരിച്ചറിഞ്ഞു. ആദ്യ സിനിമയിൽ നിന്ന് കിട്ടുന്ന അനുഭവം പിന്നൊരിക്കലും നമ്മളെ തേടി വരില്ല. സിനിമ കണ്ടിട്ട് ഒരുപാടുപേർ വിളിച്ചു. ആദ്യം വിളിച്ചത് വിനീത് ശ്രീനിവാസനാണ്.
ആദ്യമായി കിട്ടിയ പ്രതിഫലത്തെക്കുറിച്ച് ഓർമ്മയുണ്ടോ?
കലാരംഗത്ത് നിന്ന് ആദ്യം ലഭിച്ച പ്രതിഫലം നൂറു രൂപയാണ്. ഒരു കല്യാണത്തിന്റെ വീഡിയോ ഷൂട്ടിനു ലൈറ്റ് പിടിക്കാൻ പോയതായിരുന്നു. നേരത്തിൽ അഭിനയിച്ചപ്പോൾ അമ്പതിനായിരം രൂപയാണ് പ്രതിഫലം കിട്ടിയത്. സത്യത്തിൽ എന്നെപ്പോലെ ചെറിയ കഥാപാത്രം ചെയ്തയാൾക്ക് അമ്പതിനായിരം രൂപ അല്പം കൂടുതലായിരുന്നു. അന്ന് ഞങ്ങളുടെ ടീമിൽ ഞാൻ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂ. അതുകൊണ്ട് അൽഫോൺസ് ഇടപെട്ടാണ് അത്രയും കാശ് തന്നത്. ഫ്രണ്ട്ഷിപ്പിന്റെ ശരിക്കുള്ള സുഖം അനുഭവിച്ച നിമിഷമായിരുന്നു അത്.
പ്രേമമാണല്ലോ ടേണിംഗ് പോയിന്റ്?
പ്രേമത്തെ കുറിച്ച് അൽഫോൺസ് പറഞ്ഞപ്പോൾ അതിലൊരു സിനിമാക്കഥയുണ്ടെന്ന് തോന്നിയില്ല. ഒരു പയ്യൻ പ്ലസ് വണ്ണിൽ വച്ച് പ്രേമിക്കുന്നു, പിന്നെ ഡിഗ്രിക്ക് പ്രേമിക്കുന്നു, അവസാനം മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കുന്നു. അൽഫോൺസ് ഈ കഥ പറഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു കഴിഞ്ഞോ... ഈ കഥയാണോ നീ സിനിമയാക്കാൻ പോകുന്നെ. പക്ഷേ സിനിമയ്ക്ക് എന്താണ് വേണ്ടതെന്ന് അൽഫോൺസിനറിയമായിരുന്നു. ആലുവയിൽ ഒരു വീട് വാടകയ്ക്കെടുത്ത് ഞങ്ങളെല്ലാം എഴുത്തും ചർച്ചയുമായി കൂടി. പ്രേമത്തിന്റെ ചിത്രീകരണം ഒരു പഠനക്കളരിയായിരുന്നു.
പ്രേമിച്ചാണല്ലോ വിവാഹം കഴിച്ചത്?
അതൊരു വലിയ കഥയാണ്.നിരവധി ട്വിസ്റ്റും ടേണുമുണ്ട്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു പെൺകുട്ടിയോട് പ്രണയം തോന്നി. ഞാനെന്റെ പ്രണയം അവതരിപ്പിച്ചിട്ടും അവൾ അടുക്കുന്നില്ല. അറിയാവുന്ന നമ്പരുകളെല്ലാം പ്രയോഗിച്ചു. പത്താം ക്ലാസെത്തിയപ്പോഴും അത് തുടർന്നു. പക്ഷേ അവൾ കനിഞ്ഞില്ല.അങ്ങനെയിരിക്കുമ്പോഴാണ് ദേവദൂതികയെപ്പോലെ മറ്റൊരു പെൺകുട്ടി വരുന്നത്.ജൂനിയറാണ്.നീന എന്നാണ് പേര്. അളിയാ ആ കുട്ടി കൊള്ളാം. ..നീയൊന്നു ശ്രമിച്ചു നോക്കെന്നു കൂട്ടുകാർ പ്രോത്സാഹിപ്പിച്ചു. ഞാൻ പിറ്റേ ദിവസം ആ കുട്ടിയെ കണ്ടു. ചില റാഗിംഗ് നമ്പരൊക്കെ ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞു. സംഭവം ഏറ്റു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ നീനയ്ക്ക് ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി എന്നോട് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റുണ്ടായി.എന്നെ ഗൗനിക്കാതെ നടന്ന പെൺകുട്ടിക്കും എന്നോട് ഇഷ്ടം. സന്തോഷം വരുമ്പോൾ കൂട്ടത്തോടെ എന്നാണല്ലോ. എന്നാൽ ആദ്യം ഇഷ്ടം പറഞ്ഞ പെൺകുട്ടിയെ തന്നെ പ്രണയിക്കാൻ ഞാൻ തീരുമാനിച്ചു.നീനയുമായുള്ള പ്രണയം പത്താം ക്ലാസ് കഴിയുന്നതുവരെ പൊടിപൊടിച്ചു. പ്ലസ് ടുവിന് ഞാൻ മറ്റൊരു സ്കൂളിലേക്ക് മാറി. അവിടെയും അല്ലറ ചില്ലറ പ്രണയങ്ങളുണ്ടായിരുന്നു. ഷറഫുദ്ദീനൊക്കെ എന്നെ ബോയിംഗ് ബോയിംഗ് എന്നാണ് വിളിച്ചിരുന്നത്. പ്ലസ് ടു കഴിഞ്ഞ ശേഷവും നീനയുടെ വിളി തുടർന്നു. ഡിഗ്രി അവസാന വർഷമായപ്പോൾ എന്തോ കാര്യത്തിന് ഞങ്ങളുടക്കി. ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് അവൾ പറഞ്ഞു . ആലുവയിൽ വേറെ പെൺകുട്ടികളൊന്നും ഇല്ലാത്ത സമയത്തു മാത്രമേ നിന്നെ വിളിക്കൂയെന്ന് ഞാനും പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ കുറേ മാസങ്ങൾ കടന്നുപോയി. കൂടെയുള്ളവരെല്ലാം പല ജോലികൾക്കായി മറ്റ് സ്ഥലങ്ങളിലേക്ക് പോയി. ദുബായിൽ ജോലി ശരിയാക്കിയിട്ട് അച്ഛൻ എന്നെ വിളിച്ചു. എനിക്കതിൽ താത്പര്യമില്ലായിരുന്നു . എന്ത് ചെയ്യണമെന്നറിയാതിരുന്ന ഒരു ദിവസം നീനയെ വിളിക്കാൻ തീരുമാനിച്ചു. ഈ സമയത്ത് അവളുണ്ടെങ്കിൽ ആശ്വാസമാകുമെന്ന് തോന്നി. അപ്പോൾ തന്നെ എന്റെ മൊബൈലിലേക്ക് നീനയുടെ കോൾ വന്നു.ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ആലുവയിലെ എല്ലാ പെൺകുട്ടികളും പോയോ എന്നായിരുന്നു അവളുടെ ചോദ്യം. അന്നുമുതൽ നീന എന്റെ കൂടെയുണ്ട്. ആ നീനയെയാണ് വിവാഹം കഴിച്ചത്. സുഖ ദുഃഖങ്ങൾ പങ്കിട്ട് സന്തോഷത്തോടെ ജീവിക്കുന്നു. ഇപ്പോൾ ഒരു മകൻ കൂടിയുണ്ട്. പേര് ഓം കൃഷ്ണ.