juventus

യുഡിനെസ് 2-1ന് യുവന്റസിനെ തോൽപ്പിച്ചു

യുവന്റിസിന്റെ കിരീടധാരണം വൈകുന്നു

ടൂറിൻ : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ യുഡിനെസിനോട് തോറ്റതോടെ തുടർച്ചയായ ഒൻപതാം സെരി എ കിരീടം സ്വന്തമാക്കാനുള്ള ഇറ്റാലിയൻ ക്ളബ് യുവന്റസിന്റെ കാത്തിരിപ്പ് നീളും. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുവന്റസിന്റെ തോൽവി. ഇനി ലീഗിൽ തങ്ങൾക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് നാലുപോയിന്റ് നേടാനായില്ലെങ്കിൽ കിരീടം കൈവിട്ടുപോകാനും സാദ്ധ്യതയുണ്ട്.

യുഡിനെസിന്റെ തട്ടകത്തിൽ ആദ്യ ഗോൾ നേടിയിട്ടും അവസാനനിമിഷം വരെ സമനിലയെന്ന് ഉറച്ചുവിശ്വസിച്ചിട്ടും തോൽക്കാനായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കൂട്ടരുടെയും വിധി. 42-ാം മിനിട്ടിൽ മത്തീസ് ഡിലൈറ്റിന്റെ ഗോളിലൂടെയാണ് യുവന്റസ് മുന്നിലെത്തിയിരുന്നത്. 52-ാം മിനിട്ടിൽ നെട്രോവ്സ്കി ഒരു തകർപ്പൻ ഡൈവിംഗ് ഹെഡറിലൂടെ യുഡിനെസിന് സമനില സമ്മാനിച്ചു. ഇൗ നിലയിൽ തു‌ടർന്ന മത്സരത്തിന് ഫൈനൽ വിസിലിന് മുഴങ്ങാൻ നിമിഷങ്ങൾ ശേഷിക്കേ ഫൊഫാന അപ്രതീക്ഷിതമായി യുവന്റസ് വലകുലുക്കുകയായിരുന്നു. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോയ്ക്ക് സ്കോർ ചെയ്യാനാകാത്തതും യുവന്റസിന് തിരിച്ചടിയായി.

35 മത്സരങ്ങളിൽ നിന്ന് 80 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് യുവന്റസ്.രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 74 പോയിന്റാണുള്ളത്. ഇന്റർ മിലാൻ 73 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഞായറാഴ്ച സാംപഡോറിയയ്ക്ക് എതിരെയാണ് യുവയുടെ അടുത്ത മത്സരം. എ.സി മിലാനാണ് അറ്റലാന്റയുടെ അടുത്ത എതിരാളികൾ.