amala-sankar

കൊൽക്കത്ത:ഭാരതത്തിന്റെ നൃത്ത പാരമ്പര്യത്തിൽ ഫ്യൂഷൻ സമന്വയിപ്പിച്ച ഇതിഹാസ നർത്തകനായ ഭർത്താവ് ഉദയ്ശങ്കറിനൊപ്പം ലോകവേദികളിൽ നടനസൗന്ദര്യമായി നിറഞ്ഞുനിന്ന വിഖ്യാത നർത്തകിയും കോറിയോഗ്ര്രാഫറുമായ അമല ശങ്കർ (101) വിടവാങ്ങി.

വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കിടപ്പപ്പിലായിരുന്ന അമല കൊൽക്കത്തയിലെ വസതിയിൽ ഉറക്കത്തിലാണ് അന്ത്യയാത്രയായത്. 92 വയസുവരെ നൃത്തവേദിയിൽ സജീവമായിരുന്നു.

ജൂൺ 27ന് അമലയുടെ 101-ാം ജന്മദിനം കുടുംബം ആഘോഷിച്ചിരുന്നു.അന്തരിച്ച സംഗീതജ്ഞൻ ആനന്ദ് ശങ്കർ മകനും ബംഗാളി നടിയും നർത്തകിയുമായ മമത ശങ്കർ മകളുമാണ്. അന്തരിച്ച വിഖ്യാത സിതാർ കലാകാരൻ പണ്ഡിറ്റ് രവിശങ്കർ ഉദയ് ശങകറിന്റെ ഇളയ സഹോദരനാണ്.ആനന്ദ് ശങ്കറിന്റെ ഭാര്യയാണ് പ്രശസ്ത നടിയും നർത്തകിയുമായ തനുശ്രീ ശങ്കർ.

ഇന്ത്യൻ നൃത്തരൂപങ്ങളെ ലോകപ്രശസ്‍തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച അമല, വേഷത്തിലും നൃത്തശൈലിയിലും ആധുനികമായ പരീക്ഷണങ്ങൾ നടത്തിയിരുന്നു. യൂറോപ്യൻ തിയേറ്റർ ശൈലിയെ ഇന്ത്യൻ നൃത്തപാരമ്പര്യവുമായി ചേർത്തുള്ള ഫ്യൂഷനുകളാണ് ഉദയ്‌- അമല ജോഡി പ്രചരിപ്പിച്ചിരുന്നത്. ഉദയ് ശങ്കർ സംവിധാനം ചെയ്‍ത പ്രശസ്‍ത ബംഗാളി സിനിമ 'കൽപ്പന'യിലും അമല അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിൽ പാർവതീ പരമേശ്വരന്മാരായി ഇരുവരുടെയും നൃത്തം പ്രശസ്‌തമാണ്

1919 ജനുവരി 27ന് ബംഗ്ലാദേശിലാണ് അമലയുടെ ജനനം. അമല നന്ദി എന്നായിരുന്നു ആദ്യ പേര്. പതിനൊന്നാം വയസിൽ മുത്തച്ഛനൊപ്പം പാരീസിലേക്ക് പോയ അമല അവിടെവച്ചാണ് ഉദയ് ശങ്കറിനെ കാണുന്നത്. കുടുംബസുഹൃത്തായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നിർദ്ദേശ പ്രകാരമാണ് നൃത്തം തിരഞ്ഞെടുത്തത്.

ഉദയിന്റെ നൃത്തസംഘത്തിൽ ചേർന്ന അമല ട്രൂപ്പിനൊപ്പം യൂറോപ്പിൽ ഉൾപ്പെടെ ലോകമെമ്പാടും നൃത്തവേദികളുടെ ഹരമായിരുന്നു. പലപ്പോഴും ഉദയ് ശങ്കറിന്റെ താരപ്രഭയുടെ നിഴലിലായെങ്കിലും ഭരതനാട്യവും ഫോക്ഡാൻസും ഉൾപ്പെടെ എല്ലാ നൃത്തരൂപങ്ങളിലും അമല കൈയൊപ്പ് ചാർത്തിയ പ്രകടനങ്ങളാണ് നടത്തിയത്.

പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയായി. കൊൽക്കത്തയിൽ ഇവരുടെ ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന അനുപമാ ദാസുമായുള്ള ഉദയിന്റെ പ്രണയം ഇവരുടെ ജീവിതത്തിൽ വിള്ളലുകൾ വീഴ്‌ത്തി. ഇരുവരും അകന്നു. ഉദയ് അവസാനം അനുപമാ ദാസിനൊപ്പമായിരുന്നു. പത്മവിഭൂഷൺ നേടിയ ഉദയ് ശങ്കർ 1977ൽ മരിച്ചു.

അമല 14-ാം വയസിൽ ഒരു പുസ്‍തകം രചിച്ചിരുന്നു.