ന്യൂഡൽഹി: മനുഷ്യത്വരഹിതമായ ചെെനയുടെ നിലപാടുകൾക്കെതിരെ നടപടി കടുപ്പിച്ച് അമേരിക്ക. ആയുധ നിയന്ത്രണം, എണ്ണ സുരക്ഷ, ഇറാൻ വിഷയങ്ങൾ എന്നിവയെ പറ്റിയുള്ള ഭാവി ചർച്ചകളിൽ ബീജിംഗിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ ചർച്ച നടത്തി. രണ്ട് മാസത്തിനിടയിൽ അഞ്ചാമത്തെ തവണയാണ് ഇരുവരും തമ്മിൽ ഫോണിലൂടെ ചർച്ച നടത്തുന്നത്.
വാഷിംഗ്ടൺ, മോസ്കോ ആസ്ഥാനമായുള്ള നയതന്ത്രജ്ഞരുടെ അഭിപ്രായത്തിൽ ലോകത്ത് സമാധാനം ഉറപ്പാക്കുന്നതിനായി ചെെനയെ നിയന്ത്രിച്ചു നിറുത്തുന്നതിനുള്ള സുപ്രധാനപങ്കുവഹിച്ചത് റഷ്യൻ ഫെഡറേഷനാണ്. ചെെനയെ നിയന്ത്രിക്കുന്നതിലുളള റഷ്യയുടെ പ്രാധാന്യം ട്രംപ് മനസിലാക്കിയിട്ടുണ്ടെങ്കിലും, വാഷിംഗ്ടണിലെ ട്രംപ് വിരുദ്ധ പ്രവർത്തകരിൽ നിന്നും കടുത്ത പ്രതിരോധമാണ് ഈ വിഷയത്തിൽ ട്രംപ് അഭിമുഖീകരിക്കുന്നത്. കാരണം അവർ ഇപ്പോഴും ചൈനയെയല്ല മറിച്ച് മോസ്കോയെയാണ് തങ്ങളുടെ മുഖ്യശത്രുവായി കാണുന്നത്.അമേരിക്കൻ വിരുദ്ധ സഖ്യത്തിനായി ചൈനയുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന ടെഹ്‌റാനെ പിന്തുണയ്ക്കുന്നതിൽ നിന്ന് പ്രസിഡന്റ് പുടിനെ പിന്തിരിപ്പിക്കുക എന്നതായിരുന്നു ഇറാനുമായി ചർച്ച നടത്തിയ ട്രംപിന്റെ ലക്ഷ്യം.നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് അധികാരത്തിൽ വരാതിരിക്കാനുളള സകല മാർഗങ്ങളും ചെെന നോക്കുമെന്നതും ഉറപ്പുളള കാര്യമാണ്.
അമേരിക്കയും മറ്റു ലോക രാജ്യങ്ങളും ചെെനയിൽ നിന്നും നേരിടുന്ന വെല്ലുവിളി രൂക്ഷമാവുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ലോകം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളെ മാറ്റിയില്ലെങ്കിൽ തായ്‌വാൻ, ഹോങ്കോംഗ് പോലെ ചെെന ലോകത്തെ മാറ്റുമെന്നും മൈക്ക് പോംപിയോ പറഞ്ഞു. ചെെന തങ്ങളുടെ നിലപാട് മാറ്റുന്നതുവരെ ലോകം സുരക്ഷിതമായിരിക്കില്ലെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് നിക്സണിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചെെനയ്ക്ക് എതിരെ സെക്രട്ടറി പോംപിയോ പുതിയ ശീതയുദ്ധത്തിന്റെ അജണ്ട നിശ്ചയിച്ചിട്ടുളളതായാണ് ലഭിക്കുന്ന സൂചനകൾ.