ചണ്ഡീഗഡ്: കൊവിഡ് വ്യാപനത്തിനിടെ പട്ടിണി മാറ്റാൻ വായ്പ തേടി ബാങ്കിലെത്തിയ ചായവില്പനക്കാരന് ഇരട്ട ഷോക്ക്. ഹരിയാനയിലെ കുരുക്ഷേത്രയിൽ വഴിയരികിൽ ചായക്കട നടത്തുന്ന രാജ്കുമാറിനെയാണ് 50 കോടിയുടെ ലോൺ അടയ്ക്കണമെന്ന് പറഞ്ഞ് ബാങ്കുകാർ ഞെട്ടിച്ചത്.
കൊവിഡ് മൂലം ചായക്കച്ചവടം മോശമായതിനാൽ മറ്റെന്തെങ്കിലും വ്യാപാരം തുടങ്ങാനാണ് രാജ്കുമാർ ലോണെടുക്കാനായി ബാങ്കിലെത്തിയത്. എന്നാൽ ലോണിനുള്ള അപേക്ഷ ബാങ്ക് നിരസിച്ചു. അതിന്റെ കാരണമാണ് രാജ്കുമാറിനെ ഞെട്ടിച്ചത്. 50 കോടി രൂപയുടെ വായ്പ രാജ്കുമാർ തിരിച്ചടയ്ക്കാനുണ്ടെന്നും അത് അടയ്ക്കാതെ പുതിയ ലോൺ തരാനാകില്ലെന്നുമാണ് ബാങ്ക് അധികൃതർ പറഞ്ഞത്. ആധാർ കാർഡും മറ്റു രേഖകളും പരിശോധിച്ചിട്ടാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.എന്നാൽ അത്തരത്തിൽ ഒരു ലോണിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് രാജ്കുമാർ പറയുന്നത്.വഴിയരികിൽ ചായ വിൽക്കുന്നതാണ് രാജ്കുമാറിന്റെയും കുടുംബത്തിന്റെയും ഏക വരുമാനമാർഗം. ഇത്രയും വലിയ ബാദ്ധ്യതയുടെ കാര്യം അറിയുന്നത് തന്നെ ഇപ്പോഴാണ്. ആരാണ് തന്റെ പേരിൽ ഇത്രയും തുക വായ്പ എടുത്തതെന്നും രാജ്കുമാറിന് അറിയില്ല. ഈ തുക തിരിച്ചടയ്ക്കേണ്ടി വരുമോയെന്നുമുള്ള ആശങ്കയിലാണ് ഇയാൾ.