ലണ്ടൻ : ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കാൻ ഉപയോഗിക്കുന്ന ആയുധസമാനമായ പ്രൊജറ്റൈൽ റഷ്യ പരീക്ഷിച്ചതായി യു.എസിന്റെയും യു.കെയുടെയും ആരോപണം. ഉപഗ്രഹവേധ മിസൈലിനോട് സാമ്യമുള്ള ആയുധത്തിന്റെ പരീക്ഷണമാണ് റഷ്യ നടത്തിയതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.
തങ്ങളുടെ ബഹിരാകാശ ഉപകരണങ്ങളുടെ പരിശോധനയ്ക്കായി പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി നേരത്തെ റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ബഹിരാകാശ മേഖലയിലെ റഷ്യയുടെ പുതിയ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് ആശങ്കയുള്ളതായി നേരത്തെ തന്നെ യു.എസ് അറിയിച്ചിരുന്നു.
എന്നാൽ ബഹിരാകാശത്തെ റഷ്യയുടെ പരീക്ഷണങ്ങളിൽ ആശങ്കയറിയിച്ച് യു.കെ രംഗത്തെത്തുന്നത് ഇതാദ്യമായാണ്. റഷ്യ ഉയർത്തുന്ന ഭീഷണികൾ യു.കെ വിലകുറച്ച് കാണുന്നതായുള്ള അന്വേഷണ റിപ്പോർട്ടിന് തൊട്ടുപിന്നാലെയാണ് യു.കെ റഷ്യയ്ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.
ബഹിരാകാശത്ത് ആയുധ നിയന്ത്രണം വ്യാപിപ്പിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യു.എസ് സ്റ്റേറ്റ് ഫോർ ഇന്റർനാഷണൽ സെക്യൂരിറ്റി ആന്റ് നോൺ - പ്രൊലിഫെറേഷൻ അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ ഫോർഡ് ആരോപിച്ചു. യു.എസിന് ബഹിരാകാശത്ത് യു.എസ് പദ്ധതികൾ നിറുത്താൻ ഉദ്ദേശമില്ലെന്ന് അറിഞ്ഞിട്ടും റഷ്യ അതിന് തടയിടാൻ ശ്രമിക്കുകയാണെന്ന് ഫോർഡ് ആരോപിച്ചു.
റഷ്യയുടെ നീക്കം ആശങ്കാജനകമാണെന്ന് യു.കെ സ്പെയ്സ് ഡയറക്ടറേറ്റ് തലവൻ ഹാർവി സ്മിത്തും അറിയിച്ചു. ഇത്തരം നടപടികൾ ബഹിരാകാശത്തെ സമാധാനം തകർക്കുമെന്നും ആയുധ പരീക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും ലോകം ആശ്രയിക്കുന്ന ഉപഗ്രഹ സംവിധാനങ്ങൾക്ക് ഭീഷണിയാണെന്നും റഷ്യ ഇത്തരത്തിലുള്ള നീക്കങ്ങളിൽ നിന്നും പിൻതിരിയണമെന്നും സ്മിത്ത് പറഞ്ഞു.
റഷ്യ, യു.കെ, യു.എസ്, ചൈന തുടങ്ങി 100 ലേറെ രാജ്യങ്ങളാണ് ബഹിരാകാശ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് ബഹിരാകാശ പര്യവേഷണങ്ങൾ നടത്താൻ എല്ലാവർക്കും സാധിക്കുമെന്നും എന്നാൽ സമാധാനപരമായ ഉദ്ദേശ്യത്തോടെ മാത്രമേ പാടുള്ളുവെന്നും വ്യക്തമായി പറയുന്നുണ്ട്. ബഹിരാകാശത്ത് ആയുധങ്ങളുടെ പരീക്ഷണം പാടില്ലെന്നും ഇത് വ്യക്തമാക്കുന്നു.
2018ലും സമാനരീതിയിൽ റഷ്യ ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തിയതായും റഷ്യൻ ഉപഗ്രഹ ശ്യംഖല അമേരിക്കൻ ഉപഗ്രഹങ്ങളെ നിരീക്ഷിച്ചതായും യു.എസ് പറയുന്നു.
ബഹിരാകാശത്ത് റഷ്യ ഉപഗ്രഹവേധ ആയുധത്തിന്റെ പരീക്ഷണം നടത്തിയിരുന്നുവെന്നതിന് തെളിവുണ്ടെന്ന് യു.എസ് സ്പെയ്സ് കമാൻഡ് തലവൻ ജെയ് റെയ്മണ്ട് പറഞ്ഞു.