കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയുടെ പ്രവർത്തനം ഭാഗീകമായി അടച്ചു. ഇന്നും നാളെയും ആശുപത്രിയിൽ അത്യാഹിത വിഭാഗവും സ്രവ പരിശോധനാ സംവിധാനവും മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
ഒന്നര ആഴ്ച മുൻപ് തലച്ചിറ സ്വദേശിയായ രോഗി ആശുപത്രിയിലെത്തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറടക്കം ഏഴ് ജീവനക്കാർ ക്വാറന്റൈനിലായിരുന്നു. ഈ കൂട്ടത്തിൽപ്പെടുന്ന ഡോക്ടർക്കാണ് ഇന്നലെ കൊവിഡ് പൊസിറ്റീവായത്. വ്യാഴാഴ്ച പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ വാളകം പെരിങ്ങല്ലൂർ സ്വദേശിയായ യുവതിയ്ക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഗൈനക്കോളജി വിഭാഗം ഡോക്ടറെയും സമ്പർക്കത്തിലേർപ്പെട്ട ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരെയും ക്വാറന്റൈനിലേക്ക് മാറ്റി. ആശുപത്രിയിലെ ഒട്ടുമിക്ക ജീവനക്കാരും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നതിനാലാണ് ആശുപത്രിയുടെ പ്രവർത്തനം അത്യാഹിതവും സ്രവപരിശോധനാ സംവിധാനവും മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചത്. രോഗികൾക്കിടയിലും ആശങ്ക പരന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഡോക്ടറടക്കമുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്രവ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.