ബംഗളൂരു: ക്വാറന്റൈൻ ഉറപ്പാക്കാൻ കൊവിഡ് ബാധിച്ച യുവതിയുടെ വീട് തകരഷീറ്റ് ഉപയോഗിച്ച് അടച്ച് തദ്ദേശ സ്ഥാപനം. യുവതിയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ ദമ്പതികളുമടങ്ങുന്ന ഫ്ലാറ്റാണ് അടച്ചത്. വിവാദമായതിനെ തുടർന്ന് ഷീറ്റ് മാറ്റി. ഇതേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സതീഷ് സംഗമേശ്വരൻ എന്നയാൾ തകരഷീറ്റിട്ട് മറച്ച ഫ്ലാറ്റിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽപോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
‘കൊവിഡ് സ്ഥിരീകരിച്ചതോടെ ബൃഹത് ബംഗളൂരു മഹാനഗര പാലിക് രണ്ട് ഫ്ലാറ്റുകളും അടച്ചു. രണ്ടു ചെറിയ കുട്ടികളുമായി യുവതിയും പ്രായമേറിയ ദമ്പതികളും കഴിയുന്ന ഫ്ലാറ്റുകളാണ് ഷീറ്റുപയോഗിച്ച് അടച്ചത്. ഒരു തീപിടിത്തമുണ്ടായാൽഇവരെന്തു ചെയ്യും ബി.ബി.എം.പി കമ്മിഷണർ? കണ്ടെയ്മെന്റിന്റെ ആവശ്യകത ഞങ്ങൾക്ക് അറിയാം. എന്നാലിത് ന്യായീകരിക്കാവുന്നതല്ല’ - സതീഷ് കുറിച്ചു.
ഇതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്നു. ബി.ബി.എം.പി കമ്മിഷണർ മഞ്ജുനാഥ പ്രസാദ് മാപ്പു പറയുകയും ടിൻ ഷീറ്റ് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.