abhijeet-bhattacharya

ന്യൂഡൽഹി : ബോളിവുഡ് ഗായകൻ അഭിജീത് ഭട്ടാചാര്യയുടെ മകൻ ധ്രുവ് ഭട്ടാചാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിജീത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബയിൽ റെസ്റ്റോറന്റ് ഉടമയായ 28 കാരനായ ധ്രുവിന് വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഇല്ലായിരുന്നു. എന്നാൽ വിദേശയാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗബാധയുണ്ടെന്ന് അറിഞ്ഞത്.

വിദേശത്തേക്കും മറ്റും യാത്ര ചെയ്യുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്നിരിക്കെ ധ്രുവ് സ്വമേധയാ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു. നേരിയ പനിയും ചുമയുമുള്ള ധ്രുവ് ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്. ധ്രുവ് സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഭിജീത് ഭട്ടാചാര്യ പറഞ്ഞു.

അഭിജീത് ഭട്ടാചാര്യ നിലവിൽ കൊൽക്കത്തയിൽ ഷൂട്ടിംഗ് തിരക്കിലാണ്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നടത്തിയ പരിശോധനയിൽ അഭിജീതിന് കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.