pic

ജയ്പൂർ: സച്ചിൻ പെെലറ്റിനും 18 എം.എൽ.എമാർക്കുമെതിരെ തൽക്കാലം നടപടി പാടില്ലെന്ന രാജസ്ഥാൻ ഹെെക്കോടതിയുടെ ഉത്തരവിന് പിന്നാലെ നിയമസഭാ സമ്മേളനം നടത്താനൊരുങ്ങുകാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതിനായി ഗവർണർ കൽരാജ് മിശ്രയുടെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് കോൺഗ്രസ് നേതാക്കൾ ഗവർണറുടെ വസതിയുടെ മുന്നിലെത്തി പ്രതിഷേധിച്ചു. നിയമസഭാ സമ്മേളനത്തിനായി ഗവർണറുടെ അനുമതി തേടിയെങ്കിലും ലഭിച്ചില്ലെന്നും സംഭവത്തിന് പിന്നിൽ ബി.ജെ.പിയുടെ ഗൂഡാലോചയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ സമ്മേളനം ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടും നൂറ് എം.എൽ.എമാരും രാജഭവന്റെ മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സമ്മേളനം വിളിച്ചു ചേർക്കണമെന്ന മുദ്രാവാക്യം വിളിച്ചാണ് എം.എൽ.എമാർ പ്രതിഷേധിച്ചത്.സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാൽ തനിക്ക് നിയമപരമായ അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഗവർണർ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് പറഞ്ഞു. നിയമസഭാ സമ്മേളനം പ്രഖ്യാപിക്കുന്നതുവരെ താൻ പ്രതിഷേധം ഉപേക്ഷിച്ച് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോൾ തനിക്ക് തീരുമാനമെടുക്കാനാകില്ലെന്ന് ഗവർണർ കൽരാജ് മിശ്ര ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ അഭ്യർഥന വ്യക്തമല്ലെന്നും നിയമസഭാ സമ്മേളനത്തിനുളള അജണ്ട നിർദേശത്തിൽ പരാമർശിച്ചിട്ടില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.തിങ്കളാഴ്ച മുതൽ സമ്മേളനം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും അശോക് ഗെലോട്ട് ആവർത്തിച്ചു.

അതേസമയം അശോക് ഗെലോട്ടിനോട് സമ്മേളനം നടത്തില്ലെന്ന് പറഞ്ഞിട്ടില്ലെന്നും തീരുമാനം ഇതുവരെ കെെക്കൊണ്ടിട്ടില്ലെന്നാണ് പറഞ്ഞതെന്നും ഗവർണർ കൽരാജ് മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് വൈറസ് വ്യാപിക്കുന്നതാണ് സമ്മേളനം നടത്താൻ തടസമാകുന്നതെന്ന റിപ്പോർട്ടുകൾക്കിടയിലാണ് തനിക്ക് നിയമം വിട്ട് ഒന്നും ചെയ്യാനാകില്ലെന്ന നിലപാട് ഗവർണർ വ്യക്തമാക്കിയത്.

ഗവർണർ മനസാക്ഷിയെ പിന്തുടരണമെന്നും ഭരണഘടനാ പദവിയുടെ അലങ്കാരം സംരക്ഷിക്കണമെന്നും അശോക് ഗെലോട്ട് പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ടെന്നും ജനങ്ങൾ പ്രതിഷേധിച്ച് രാജ്ഭവൻ വളഞ്ഞാൽ സർക്കാർ ഉത്തരവാദികളാകില്ലെന്നും അദ്ദേഹം പറഞ്ഞു.സച്ചിൻ പെെലറ്റിനും 18 എം.എൽ.എമാർക്കുമെതിരെ തൽക്കാലം നടപടി പാടില്ലെന്ന രാജസ്ഥാൻ ഹെെക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സ്പീക്കർക്ക് ഇവർക്കെതിരെ നടപടിയെടുക്കാനാകില്ല. തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കും.