uthra-case

കൊല്ലം: ഉത്ര വധക്കേസിൽ സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി. കേസിൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ജയിലിലുള്ള സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വനം വകുപ്പും തീരുമാനിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷും, സൂരജിന്റെ അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ അഞ്ചുപേരാണ് ‌സി.ആർ.പി.സി 164 – പ്രകാരം മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയത്.

സൂരജിന്റെ അമ്മയേയും സഹോദരിയേയും വധക്കേസിൽ പ്രതിചേർക്കില്ല. സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ള സ്ത്രീധനപീഡനവും ഗാർഹിക പീഡനുവുമാകും ഇരുവർക്കുമെതിരെ ചുമത്തുക. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എസ്.പി ഹരിശങ്കർ പറഞ്ഞു.

വിവിധ ലാബുകളിൽ നിന്നുള്ള രാസ,ശാസ്ത്രീയ പരിശോധന ഫലങ്ങൾ ഈ മാസം അവസാനത്തോടെ ലഭിക്കും. പ്രതികൾക്ക് സ്വഭാവിക ജാമ്യം കിട്ടുന്നത്ത് ഒഴിവാക്കാൻ ആഗസ്റ്റ് മാസം ആദ്യം കുറ്റപത്രം സമർപ്പിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ശ്രമം. കേസിൽ പ്രത്യേക അഭിഭാഷകനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ഒന്നിച്ചു ജീവിക്കാൻ താത്പര്യമില്ലെന്നും എങ്ങനെയെങ്കിലും ഉത്രയെ ഒഴിവാക്കാണമെന്നും പലതവണ സൂരജ് പറഞ്ഞിരുന്നുവെന്നാണ് ഒരു സുഹൃത്ത് മൊഴി നൽകിയത്. മാപ്പ് സാക്ഷിയാക്കണമെന്നുള്ള സുരേഷിന്റെ അപേക്ഷ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകമായതിനാൽ ഇവയെല്ലാം പ്രോസിക്യൂഷന് സഹായകരമാകുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം.