തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി സംസ്ഥാനത്ത് കൂടുതൽ ഡോക്‌ടർമാരെ സംസ്ഥാന സർക്കാർ നിയോഗിക്കുന്നു. അലോപ്പതി ഇതര ഡോക്‌ടർമാരേയും കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. ആയുർവ്വേദ,ഹോമിയോ, ആയുഷ് ഡോക്‌ടർമാരെയാകും നിയോഗിക്കുക. കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനം. നഴ്‌സിംഗ്,മെഡിസിൻ കേന്ദ്രങ്ങളിലും കൊവിഡ് ചികിത്സയ്ക്കായി ഡോക്‌ടർമാരെ നിയോഗിക്കും. തിരക്കില്ലാത്ത ആരോഗ്യകേന്ദ്രങ്ങളിലേക്ക് ഒ.പി ചുരുക്കാനാണ് തീരുമാനം.
കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നതോടെ നൂറുകണക്കിന് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത്.
ഇത്രയും ഇടങ്ങളിൽ വിന്യസിക്കാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ ആരോഗ്യവകുപ്പിന് കീഴിൽ ഇല്ല. ഈ സാഹചര്യത്തിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ളവരേയും ഫൈനൽ ഇയർ മെഡിക്കൽ വിദ്യാത്ഥികളേയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലടക്കം വിന്യസിക്കാനാണ് സർക്കാർ തീരുമാനം.
മെഡിക്കൽ ഓഫീസർമാർ, ആയുഷ്/ദന്തൽ സർജൻമാർ, സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻസ്, ഫാർമസിസ്റ്റുകൾ, വിവിധ മെഡിക്കൽ കോഴ്സുകൾ ചെയ്യുന്ന അവസാന വർഷ വിദ്യാർത്ഥികളും ഇനി കൊവിഡ് കെയർ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്കായി എത്തും. തിരക്കില്ലാത്ത കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒ.പി ചുരുക്കി. അവിടെ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ കോവിഡ് ചികിത്സയ്ക്ക് നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.