swiggy

ന്യൂഡൽഹി : കൊവിഡ് മഹാമാരിയും ലോക്ക്ഡൗൺ കാലവുമൊക്കെ വന്നതോടെ ഒറ്റ രാത്രിക്കൊണ്ട് സൂപ്പർ ഷെഫായി മാറിയ നിരവധി പേരുണ്ട്. ഒഴിവു സമയം ചെലവഴിക്കാൻ മിക്കവരും അടുക്കളകളെ പരീക്ഷണശാലകളാക്കി മാറ്റി. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ആഹാര സാധനങ്ങളുടെ ഓൺലൈൻ ഡെലിവറിയുടെ പ്രതാപത്തിന് യാതൊരു മങ്ങലും ഏറ്റതുമില്ല. ലോക്ക്ഡൗൺ കാലയളവിൽ ഇന്ത്യക്കാർ ഓൺലൈനിലൂടെ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്ന് അറിയാമോ. ? മറ്റാര്, നമ്മുടെ ബിരിയാണി തന്നെ. ! കൊവിഡ് കാലത്തും ഇന്ത്യക്കാർക്ക് ബിരിയാണിയോടുള്ള ആവേശത്തിന് ഒരു ക്വാറന്റൈനുമില്ലായിരുന്നു.

swiggy

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയാണ് ഈ ബിരിയാണി കണക്ക് പുറത്തുവിട്ടത്. തങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകളിൽ നിന്നും 5.5 ലക്ഷത്തിലേറെ ബിരിയാണികൾ സ്വിഗ്ഗി വഴി ഇന്ത്യക്കാർ ഓർഡർ ചെയ്തു. നാടിനെ മുഴുവൻ മാറ്റി മറിച്ച കൊവിഡിന് ആളുകൾക്ക് ബിരിയാണിയോടുള്ള പ്രിയത്തെ തൊടാൻ പോലുമായില്ല. ബട്ടർ നാൻ, മസാല ദോശ എന്നിവയാണ് ബിരിയാണിയ്ക്ക് തൊട്ടുപിന്നിൽ. 3,35,185 ഓർഡറുകളാണ് ബട്ടർ നാന് ലഭിച്ചത്. മസാല ദോശയ്ക്ക് ലഭിച്ചതാകട്ടെ 3,31,423 ഓർഡറുകളും. തുടർച്ചയായ നാല് വർഷമാണ് ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത വിഭവം എന്ന ടൈറ്റിൽ ബിരിയാണി നിലനിറുത്തിയിരിക്കുന്നതെന്ന് സ്വിഗ്ഗി പറയുന്നു.

swiggy

ഹെവി ഫുഡ് മാത്രമല്ല മധുര പലഹാരങ്ങൾക്കും ലോക്ക്ഡൗൺ കാലത്ത് ഡിമാൻഡ് കൂടുതലായിരുന്നു. നാവിൽ കൊതിയൂറുന്ന ചോക്കോ ലാവ കേക്കാണ് ഇക്കൂട്ടത്തിൽ മുന്നിൽ. 1,29,000 ഓർഡറുകൾ ചോക്കോ ലാവ കേക്ക് സ്വന്തമാക്കി. തൊട്ടുപിന്നാലെ ഗുലാബ് ജാമൂനും ( 84,558 ), ചിക് ബട്ടർസ്കോച്ച് മൂസ് കേക്കും ( 27,317 ) ലിസ്റ്റിലിടം നേടി.

ബെർത്ത്ഡേ പാർട്ടികൾ വീഡിയോ കോളുകൾ വഴി ആയെങ്കിലും 1,20,00 ബെർത്ത്ഡേ കേക്ക് ഓർഡറുകൾ സ്വിഗ്ഗിയ്ക്ക് ലഭിച്ചു.

swiggy

ദിവസവും രാത്രി 8 മണിയ്ക്ക് മുമ്പ് ശരാശരി 65,000 ഓർഡറുകളെങ്കിലും ലഭിച്ചതായി സ്വിഗ്ഗി പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

ലോക്ക്ഡൗൺ സമയത്ത് പാചക പരീക്ഷണം നടത്തിയവരിലും സ്വിഗ്ഗിയുടെ കരങ്ങളെത്തിയിരുന്നു. 323 മില്യൺ കിലോഗ്രാം സവാളയും 56 മില്യൺ കിലോഗ്രാം ഏത്തപ്പഴവുമാണ് സ്വിഗ്ഗിയുടെ ഗ്രോസറി വിഭാഗത്തിൽ നിന്നും ഡെലിവറി ചെയ്തത്. ഇൻസ്റ്റന്റ് ന്യൂഡിൽസിനെയും ആളുകൾ വെറുതെ വിട്ടില്ല. 3,50,000 പായ്ക്കറ്റ് ന്യൂഡിൽസ് പാക്കറ്റുകളാണ് സ്വിഗ്ഗി രാജ്യത്തുടെനീളം വിതരണം ചെയ്തത്.