തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പരിശോധന വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ പറഞ്ഞു. മുംബയിലെ ചേരിയായ ധാരാവിയിൽ സ്വീകരിച്ചതുപോലെ ഓരോ വീടുകളിലുമെത്തി പരിശോധിക്കണം. ആളുകൾ പരിശോധനയ്ക്ക് തയാറാകാത്തത് വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാലാണ്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം. രോഗനിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിരോധത്തിന് പ്രാദേശിക തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ പാർട്ടി പ്രവർത്തകർ സഹകരിക്കുമെന്ന് ഘടകക്ഷി നേതാക്കളും പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുസ്ളീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു ,കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് , കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ അനൂപ് ജേക്കബ്,ജനതാദൾ എസ്.പ്രസിഡന്റ് സി.കെ നാണു, എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ, എം.എൽ.എമാരായ ഗണേഷ് കുമാർ, പി.സി ജോർജ് എന്നിവരും പങ്കെടുത്തു.