pic

തിരുവനന്തപുരം ന​ഗരത്തിലെ ട്രിപ്പിൾ ലോക്ക്ഡൗൺ സംബന്ധിച്ച് താൻ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾക്ക് വിശദീകരണവുമായി നടി അഹാന കൃഷ്ണ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കുവച്ചതെന്നും കൊവിഡിനെ പറ്റി പരാമർശിച്ചിട്ടില്ലെന്നും നടി പറഞ്ഞു. ഒരു മാദ്ധ്യമപ്രവർത്തകൻ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നാണ് അഹാന പറയുന്നത്.

"ലോക്ഡൗണിന്റെ ആവശ്യമില്ലെന്നു ഞാൻ പോസ്റ്റിൽ എവിടെയും പറഞ്ഞിട്ടില്ല. എന്റെ ആ സ്റ്റോറിയിൽ ഇത് സംബന്ധിച്ച് ഒരു പ്രസ്താവനയോ നിഗമനമോയില്ല. ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിൽ ലോക്ഡൗൺ വേണ്ടെന്നു പറയാൻ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോയില്ല. കൊവിഡ് പകർച്ചവ്യാധി പൂർണമായും മാറുന്നതുവരെ ലോക്ഡൗൺ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽപെടുന്ന ആളാണ് ഞാൻ", വിശദീകരണത്തിൽ അഹാന പറഞ്ഞു.

സ്വർണ കള്ളക്കടത്ത് കേസുമായി തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക്ഡൗൺ ബന്ധപ്പെടുത്തിയുളള അഹാനയുടെ വാക്കുകൾ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് നടിക്കുനേരെ വ്യാപകമായ സൈബർ ആക്രണവും നടന്നിരുന്നു. ഇതിനെതിരെ നടി ഒരുക്കിയ യൂട്യൂബ് വീഡിയോ ഏറെ ശ്രദ്ധയമായിരുന്നു.സൈബർ ആക്രമണത്തെ എതിർക്കുമ്പോഴും നടിയുടെ മുൻകാല പ്രസ്താവനയെ ചിലർ ശക്തമായി വിമ‌ർശിച്ചു. ഇത്തരത്തിൽ ഉയർന്ന ഒരു കമന്റിന് മറുപടിയായാണ് അഹാന തന്റെ ഭാ​ഗം വ്യക്തമാക്കിയത്. പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന വാക്കുകൾ കുറിച്ചതിനാൽ അതിൽ വിശദീകരണം നൽകണമെന്നായിരുന്നു കമന്റിൽ ഇയാൾ ആവശ്യപ്പെട്ടത്. "ഞാൻ പറഞ്ഞ യഥാർഥ കാര്യത്തിനല്ല ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്.

അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞാൻ കുറിച്ച 18 വാക്കുകൾ മാത്രമുള്ള എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കു വച്ചത്. അത് സംഭവിക്കുമ്പോൾ ഞാൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലർച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാൽ എനിക്ക് തിരുവനന്തപുരത്ത് എത്താൻ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസിൽ തോന്നിയ രണ്ട് ചിന്തകൾ ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വയ്ക്കുകയായിരുന്നു", അഹാന കുറിച്ചു.