തിരുവനന്തപുരം: സംസ്ഥാനത്ത്, തിരുവനന്തപുരത്ത് പ്രത്യേകിച്ചും, കൊവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും മദ്യശാലകളിൽ തിരക്കിന് യാതൊരു കുറവുമില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മദ്യശാലകളിൽ വൻ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇവിടങ്ങളിൽ മദ്യം വാങ്ങാനായി വരുന്നവരാകട്ടെ സാമൂഹിക അകലം പാലിക്കാൻ മിനക്കെടുന്നതുമില്ല.
തലസ്ഥാന ജില്ലയിലെ, ബാലരാമപുരത്ത് അനുഭവപ്പെടുന്ന മദ്യപാനികളുടെതിരക്ക് കാരണം പ്രദേശവാസികളാകെ ഇപ്പോൾ ബുദ്ധിമുട്ടിലാണ്. തിരുവനന്തപുരത്തെ മറ്റ് മദ്യശാലകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാലരാമപുരത്തെ മദ്യശാലകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.
സാമൂഹിക അകല നിർദേശങ്ങൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് മദ്യം വാങ്ങാനായി ദിവസേന ഇവിടങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങൾക്ക് കത്തി വയ്ക്കുന്ന തരത്തിൽ മദ്യശാലകളിൽ തിരക്ക് വർദ്ധിച്ച് വരികയുമാണ്. ബാലരാമപുരത്തെ മദ്യ കടകളിൽ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ പൊലീസ് എത്താറുണ്ടെങ്കിലും അവർ പോകുന്നതോടെ കാര്യങ്ങൾ പഴയപടി ആകുന്ന നിലയാണ്.