അബുദാബി: കൊവിഡ് പരിശോധനാ ഫലം തിരുത്തിയ കേസിൽ അബുദാബിയിൽ 102 പേർ പിടിയിൽ. കൊവിഡ് രോഗികൾക്ക് പ്രവേശന വിലക്കുള്ള അബുദാബിയിലേക്ക് കടക്കാൻ എസ്.എം.എസ് സന്ദേശം തിരുത്തിയ 102 പേരാണ് അബുദാബി പൊലീസിന്റെ പിടിയിലായത്. സംഭവത്തെ തുടർന്ന് മെഡിക്കൽ രേഖകൾ തിരുത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പിടിയിലായവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുളളവരുണ്ടെന്നും ഫെഡറൽ ദുരന്തനിവാരണ സമിതി ആക്ടിംഗ് ഡയറക്ടർ അറിയിച്ചു.
അബുദാബിയിലേക്ക് കടക്കാനായി കൊവിഡ് പോസറ്റീവാണെന്നുളള എസ്.എം.എസ് സന്ദേശം തിരുത്തി അതിർത്തിയിൽ കാണിച്ചവരാണ് പിടിയിലായത്. പരിശോധനാ ഫലത്തിൽ തിരിമറി നടത്തിയ മുഴുവൻ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. മെഡിക്കൾ രേഖകളിൽ മാറ്റം വരുത്തുന്നതും, നശിപ്പിക്കുന്നതും, അനുമതിയില്ലാതെ വെളിപ്പെടുത്തുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ട്വീറ്റിലൂടെ അറിയിച്ചു. ഏതു സാഹചര്യത്തിലും മെഡിക്കൽ രേഖകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.