കൊവിഡ് വാക്‌സിൻ വിജയത്തിലേക്ക്
കൊവിഡ് പ്രതിരോധത്തിന് ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്‌സിൻ വിജയത്തിലേക്ക് കടക്കുന്നു എന്നതാണ് കഴിഞ്ഞയാഴ്ചയിലെ ഏറ്റവും വലിയ വിശേഷം. വാക്സിൻ മനുഷ്യന് സുരക്ഷിതവും പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് കൊവിഡ് വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡിയും ടി - കോശങ്ങളും ഉത്പാദിപ്പിക്കുമെന്നും തെളിഞ്ഞു. 18 മുതൽ 55 വയസുവരെയുള്ള 1077 വോളന്റിയർമാരിലാണ് വാക്സിൻ പരീക്ഷിച്ചത്. ഇവരിൽ 90 ശതമാനത്തിലും ഒറ്റ ഡോസിൽ തന്നെ ആന്റിബോഡിയും ടി - സെൽസ് എന്നറിയപ്പെടുന്ന പോരാളി കോശങ്ങളും ഉത്പാദിപ്പിച്ചു. ഫലം വളരെ പ്രോത്സാഹജനകമാണെന്ന് ഗവേഷകർ പറയുന്നു. ഓക്സ്‌ഫോഡ് വാക്സിന്റെ നൂറ് കോടി ഡോസ് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണക്കമ്പനികളിലൊന്നായ പൂനെയിലെ സിറം ഇൻസ്റ്രിറ്ര്യൂട്ടായിരിക്കും ഉത്പാദിപ്പിക്കുക.ഈ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന്റെ മൂന്നാംഘട്ടം ഇന്ത്യയിൽ നടത്തുന്നത് സിറം ഇൻസ്റ്രിറ്ര്യൂട്ട് ആണ്. ആഗോളതലത്തിൽ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ ഒക്ടോബർ അവസാനം വാക്സിൻ നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷ
ഇന്ത്യയുടെ വാക്സിനും
ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച രണ്ട് കൊവിഡ് വാക്സിനുകളുടെ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടവും തുടങ്ങി.
ഹൈദരാബാദിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിൻ (Covaxin ), അഹമ്മദാബാദിലെ സൈഡസ് കാഡില ഹെൽത്ത് കെയർ കമ്പനിയുടെ സൈകൊവ് - ഡി ( ZyCov-D ) എന്നിവയാണ് പരീക്ഷിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, എന്നിവയുടെ സഹകരണത്തോടെയാണ് ഭാരത് ബയോടെക്കിന്റെ ഗവേഷണം.
ആദ്യഘട്ടം വിജയം കണ്ടാൽ, കൊവിഡിന് ഫലിക്കുമോ എന്ന രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും. ട്രയൽ പൂർത്തിയാക്കാൻ 6 - 7 മാസം വേണ്ടിവരും
ശ്വസിക്കാം ഈസിയായി
മാസ്‌ക് എല്ലാവർക്കും ഒരു ശീലമായെങ്കിലും ശ്വസനം ഇതുവരെ സുഖമായിട്ടില്ല. എന്നാൽ, മാസ്‌ക് കൊണ്ടുള്ള ബുദ്ധിമുട്ടുകളെ ചെറുത്ത് എളുപ്പം ശ്വസിക്കാൻ സഹായിക്കുന്ന ആക്ടീവ് റെസ്‌പിരേറ്റർ മാസ്‌കുമായി എത്തിയിരിക്കുകയാണ് കൊൽക്കത്തയിലെ എസ്.എൻ. ബോസ് നാഷനൽ സെന്റർ ഫോർ ബേസിക് സയൻസസ്. മാസ്‌ക് മാത്രമല്ല, സാനിറ്റൈസർ കൊണ്ടുള്ള ബുദ്ധിമുട്ടിനെ ചെറുക്കാൻ നാനോ സാനിറ്റൈസറും വികസിപ്പിച്ചിരിക്കുകയാണ് ഇവർ. സാധാരണ മാസ്‌ക് കൊണ്ടുള്ള അസ്വസ്ഥതകൾ ആക്ടീവ് റെസ്പിരേറ്റർ മാസ്‌കിന് ഇല്ല. പുറത്തുവിടുന്ന വായുതന്നെ വീണ്ടും ശ്വസിക്കുന്നതു മൂലം തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞ് ക്ഷീണം ഉണ്ടാകുന്നതാണ് സാധാരണ മാസ്‌ക് ഉപയോഗിക്കുമ്പോഴുള്ള പ്രധാന പ്രശ്നം. കണ്ണടകളിൽ ഫോഗ് നിറയുക, ചൂടും വിയർപ്പും കൊണ്ടുള്ള അസ്വസ്ഥത, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആക്ടീവ് റെസ്പിരേറ്റർ പരിഹരിക്കും. വായു പുറത്തേക്കു വിടാൻ പ്രത്യേക വാൽവ്, സൂക്ഷ്മാണുക്കളെ തടയുന്നതിനുള്ള ഫിൽറ്റർ എന്നിവ ഈ മാസ്‌കിലുണ്ട്. ഡയറക്ടർ പ്രഫ. സമിത് കുമാർ റേയുടെ നേതൃത്വത്തിൽ പ്രഫ. സമീർ കെ.പാലും സംഘവുമാണ് ഈ മാസ്‌കിന്റെ നിർമ്മാണത്തിനു പിന്നിൽ.
തുടർച്ചയായ ഉപയോഗം കാരണ സാനിറ്റൈസർ ത്വക്കിലുണ്ടാക്കുന്ന പ്രശ്നങ്ങളെ ചെറുക്കുന്നതാണ് നാനോ സാനിറ്റൈസർ. മോയിസ്ചറൈസർ കൂടി കലർന്നതാണു ഈ സാനിറ്റൈസർ.
കൊൽക്കത്തയിലെ പോൾടെക് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സ്വാതന്ത്ര്യദിനത്തിൽ ഇവ വിപണിയിലെത്തിക്കും.
മൻഗേനിക്ക് വിട
വർണവിവേചനത്തിനെതിരെ മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൻ മണ്ടേലയ്‌ക്കൊപ്പം പോരാടിയ ആൻഡ്രൂ മൻഗേനി (95) ഓർമ്മയായി. രാജ്യദ്രോഹക്കുറ്റം ചുമത്തി 1964 ൽ മണ്ടേലയ്‌ക്കൊപ്പം ജയിലിൽ അടയ്ക്കപ്പെട്ട എട്ടുപേരിൽ അവസാന കണ്ണിയാണ് മൻഗേനി. 26 വർഷം തടവുശിക്ഷ അനുഭവിച്ചു. 1951 ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ ഭാഗമായി. വെളുത്തവർഗക്കാർക്കെതിരെയുള്ള പോരാട്ടത്തിൽ സായുധ പരിശീലനത്തിനു മണ്ടേല തിരഞ്ഞെടുത്ത ആദ്യത്തെ അഞ്ചു പേരിലൊരാളായിരുന്നു. ചരിത്രപ്രസിദ്ധമായ റിവോണിയ വിചാരണയിൽ നെൽസൺ മണ്ടേലയ്‌ക്കൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് റോബൻ ദ്വീപിലെ ജയിലിൽ മഗ്‌നേനി തടവിൽ കഴിഞ്ഞിരുന്നു.
മുറിക്കാനാകാത്ത ശക്തി
ഭാരം സ്റ്റീലിനേക്കാൾ ആറുമടങ്ങ് കുറവ്, എന്നാൽ കത്തിയുടെ മൂർച്ച എത്ര കൂട്ടിയാലും ഒരു പോറൽ പോലും ഏൽപ്പിക്കാനാവില്ല. അതാണ് ലോകത്തിലെ ആദ്യത്തെ മുറിക്കാനാവാത്ത വസ്തുവായ 'പ്രോടിയസ്'. ലോകത്ത് നിലവിലുള്ള ഒരു ഉപകരണം കൊണ്ടും പ്രോടിയസിനെ മുറിക്കാൻ സാധിക്കില്ല. നിറയെ സുഷിരങ്ങളുള്ള പദാർത്ഥം കൊണ്ടാണ് പ്രോടിയസ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ബ്രിട്ടനിലെ ഡർഹം സർവകലാശാല, ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. ആംഗിൾ ഗ്രൈൻഡറുകൾ, ഡ്രില്ലിംഗ് മെഷീനുകൾ തുടങ്ങിയവയെല്ലാം പ്രോടിയസിന്റെ മുന്നിൽ മുട്ടുമടക്കും. മുറിക്കാനെത്തുന്ന ഉപകരണത്തെ മൂർച്ച കെടുത്തി നശിപ്പിക്കാനും പ്രോടിയസിന് കഴിയും. അലുമിനിയം, സിറാമിക് സംയുക്തമാണ് പ്രോടിയസ്.
മഞ്ഞ... മഞ്ഞ...ആമ
ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് കഴിഞ്ഞയാഴ്ച വിചിത്രമായ മഞ്ഞ ആമയെ കണ്ടെത്തിയത്. എന്നാൽ ശരീരത്തിന് നിറം നൽകുന്ന ടൈറോസിൻ ഇല്ലാതാകുന്ന ആൽബിനിസം എന്ന രോഗമാണ് ഈ ആമയ്ക്ക്. ആമയുടെ തോടുൾപ്പെടെ ശരീരം മുഴുവൻ മഞ്ഞനിറമാണ്. കഴിഞ്ഞ ദിവസം ഗ്രാമവാസികളാണ് കൃഷിസ്ഥലത്തു നിന്ന് ഈ ആമയെ രക്ഷപ്പെടുത്തിയത്. ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ആമയെ അവർക്ക് കൈമാറുകയും ചെയ്തു.ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ ആമയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.