swapna

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മുഖ്യ ആസൂത്രകർ റമീസും സന്ദീപുമാണെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷ്. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ. റമീസും സന്ദീപും പരിചയപ്പെട്ടത് ദുബായിൽവച്ചെന്നും സ്വപ്ന മൊഴി നൽകി.ശിവശങ്കറുമായി സൗഹൃദം മാത്രമാണെന്നും, സ്വർണക്കടത്തിൽ പങ്കില്ലെന്നും സ്വപ്ന പറഞ്ഞു.

സ്വർണക്കടത്ത് കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണെന്ന് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഓരോ കടത്തിനും ഇരുവർക്കും 1500 ഡോളർ പ്രതിഫലം നൽകി. കൊവിഡ് തുടങ്ങിയപ്പോൾ കോൺസുൽ ജനറൽ നാട്ടിലേക്ക് മടങ്ങിയെന്നും സ്വപ്ന മൊഴി നൽകി.

താൻ സരിത്തിനെ പരിചയപ്പെട്ടത് തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴാണെന്ന് സന്ദീപ് നായർ മൊഴി നൽകി. നയതന്ത്ര ചാനൽ വഴി സ്വർണം കടത്താനുള്ള ആസൂത്രണം റമീസിന്റേതാണെന്നും ഇയാൾ പറഞ്ഞു.റിയൽ എസ്റ്റേറ്റ് സംരഭങ്ങളിൽ ഇടനിലക്കാരി കൂടിയാണ് സ്വപ്ന സുരേഷ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ബാങ്കിൽ നിന്ന് കണ്ടെത്തിയ പണം ഇടനിലക്കാരിയായതിൽ കിട്ടിയ പ്രതിഫലമാണെന്നാണ് സൂചന. സ്വപ്ന നടത്തിയ ഇടപാടുകളെപ്പറ്റി കസ്റ്റംസും എൻ.ഐ.എയും അന്വേഷണം തുടങ്ങി.


സ്വപ്നയുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോയോളം സ്വർണവും അന്വേഷണസംഘം കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച എൻ.ഐ.എ ചോദ്യം ചെയ്യും.ശിവശങ്കർ അഭിഭാഷകരുമായി ആശയവിനിമയം നടത്തുന്നതായി സൂചനയുണ്ട്.