തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തൽ. കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന മട്ടിലാണ് സ്വപ്ന മൊഴി നൽകിയെന്നാണ് വിവരം. ഇന്നലെ കസ്‌റ്റംസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. എന്നാൽ, ഇത് എത്രകണ്ട് വിശ്വാസ യോഗ്യമാണെന്ന് കസ്റ്റംസ് പരിശോധിച്ചുവരുന്നു. ഇതിനായി മൊഴി കൂടുതൽ വിശകലനം ചെയ്യും. ഓരോ തവണയും സ്വർണം സുരക്ഷിതമായി കടത്തുമ്പോൾ 1.12 ലക്ഷം (1500 ഡോളർ) രൂപയായിരുന്നു കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്ക് പ്രതിഫലമായി നൽകിയിരുന്നതെന്നും സ്വപ്‌ന കസ്റ്റംസിനോട് വെളിപ്പെടുത്തി. ഇക്കാര്യവും കസ്റ്റംസ് വിശദമായി പരിശോധിക്കുന്നുണ്ട്.
സ്വപ്‌നയുടെ മൊഴി
2019 ജൂലായ് മുതൽ ഈ വർഷം ജൂൺ 30 വരെ 18 തവണയാണ് സ്വർണം കടത്തിയത്. കോൺസുൽ ജനറലായിരുന്നു ആദ്യം എല്ലാ സഹായങ്ങളും ചെയ്തത്. പിന്നീട് അറ്റാഷെയുടെ കൂടി സഹായം ലഭിച്ചു. ആദ്യമൊക്കെ ചെറിയ അളവിലുള്ള സ്വർണമാണ് കടത്തിയത്. പിന്നീട് സ്വർണത്തിന്റെ അളവ് കൂട്ടുകയായിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമായതോടെ കോൺസുൽ ജനറൽ നാട്ടിലേക്ക് മടങ്ങി. ഇതോടെയാണ് അറ്റാഷെയുടെ സഹായം ലഭിച്ചത്.
നയതന്ത്ര ചാനൽ വഴി സ്വർണം കടത്താനുള്ള ആശയം കേസിലെ മുഖ്യകണ്ണിയായ കെ.ടി. റമീസിന്റെതായിരുന്നു. സന്ദീപ് നായരും ഇതിനെ പിന്തുണച്ചു. ദുബായിൽ വച്ച് തന്നെ സന്ദീപും റമീസും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇരുവരും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെയാണ് പരിചയത്തിലായത്. സന്ദീപാണ് സ്വപ്‌നയെയും കേസിലെ ഒന്നാം പ്രതിയായ സരിത്തിനെയും റമീസിന് പരിചയപ്പെടുത്തിയത്. അന്ന് താൻ കോൺസുലേറ്റിലെ സെക്രട്ടറിയുടെ ജോലിയിലായിരുന്നു. ലോക്ക് ഡൗൺ കാലത്ത് പരമാവധി സ്വർണം കടത്താനുള്ള സുവർണാവസരമാണെന്ന് റമീസ് പറഞ്ഞു. നയതന്ത്ര ചാനൽ വഴി ആകുമ്പോൾ ആർക്കും സംശയം തോന്നാതെ സുരക്ഷിതമായി കടത്ത് നടക്കുമെന്നും റമീസ് സ്വപ്‌നയെ അറിയിച്ചു. ഇതോടെയാണ് നയതന്ത്ര ബാഗിനൊപ്പം ഡമ്മി പാഴ്സൽ അയച്ച് പരീക്ഷണം നടത്തിയത്. വിജയിച്ചപ്പോൾ സ്വർണം കടത്തുകയായിരുന്നുവെന്നും സ്വപ്‌ന മൊഴി നൽകി.
ശിവശങ്കറിനെ വെള്ളപൂശി സ്വപ്ന
മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കില്ലെന്ന് സ്വപ്‌ന മൊഴി നൽകിയെന്നും വിവരമുണ്ട്. ശിവശങ്കറുമായുള്ളത് സൗഹൃദം മാത്രമാണെന്നും അവർ പറഞ്ഞു. സ്വപ്‌നയുമായുള്ളത് സൗഹൃദം മാത്രമാണെന്ന് ശിവശങ്കറും കസ്റ്റംസിനും എൻ.ഐ.എയ്ക്കും മൊഴി നൽകിയിരുന്നു. തിങ്കളാഴ്ച ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യാനിരിക്കെയാണ് സ്വപ്നയുടെ മൊഴിയും പുറത്തുവന്നത്.
സ്വപ്‌നയ്ക്ക് റിയൽ എസ്‌റ്റേറ്റ് ബിസിനസും
സ്വർണക്കടത്ത് കൂടാതെ സ്വപ്‌നയ്ക്ക് റിയൽ എസ്‌റ്റേറ്റ് ബിസിനസും ഉണ്ടായിരുന്നതായും കസ്റ്റംസ് കണ്ടെത്തി. പല വമ്പൻ ഇടപാടുകളിലും സ്വപ്‌ന ഇടനിലക്കാരിയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലിൽ സ്വപ്‌ന കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരുകോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടിൽ നിന്നുള്ള പ്രതിഫലമാണെന്നും സ്വപ്‌ന വെളിപ്പെടുത്തി. തിരുവനന്തപുരത്തെ ഫെഡറൽ ബാങ്കിന്റെ ലോക്കറിൽ നിന്ന് 36.5 ലക്ഷത്തിന്റെ കറൻസിയും എസ്.ബി.ഐയുടെ സിറ്റി ശാഖയിൽ നിന്ന് 64 ലക്ഷവും ഒരുകിലോ സ്വർണവുമാണ് കണ്ടെടുത്തത്. സ്വർണം വിവാഹസമ്മാനമായി ലഭിച്ചതാണെന്നും സ്വപ്ന മൊഴി നൽകി. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോൾ അഞ്ച് കിലോ സ്വർണമുണ്ടായിരുന്നെന്നും വീടുപണിക്കായി ബാക്കി വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്.