ldf

തിരുവനന്തപുരം: ശിവശങ്കർ വിവാദം ഇടതുസർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ, നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം 28ന് രാവിലെ 11ന് എ.കെ.ജി സെന്ററിൽ ചേരാനിരുന്ന ഇടതുമുന്നണി യോഗം മാറ്റി. കൊവിഡ് വ്യാപനത്തിന് ശേഷം മുന്നണി യോഗം ചേർന്നിട്ടില്ലായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയതെന്നാണ് നേതാക്കൾ നൽകുന്ന വിവരം. അതേസമയം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തിങ്കളാഴ്ച എൻ.ഐ.എ കൊച്ചിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്തെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻ.ഐ.എ പ്രതിചേർത്ത് അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ സർക്കാരിന് അത് നാണക്കേടാവും. എൽ.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യേണ്ടിയും വരും. മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐ ഇക്കാര്യം മുന്നണി യോഗത്തിൽ ഉയർത്തുമെന്ന കാര്യവും ഉറപ്പാണ്. അങ്ങനെയെങ്കിൽ സി.പി.എമ്മിനും സർക്കാരിനും ഇതിനെ പ്രതിരോധിക്കുക ബുദ്ധിമുട്ടാകും.


കൊവിഡ് വ്യാപനം ആദ്യഘട്ടത്തിൽ ഫലപ്രദമായി തടഞ്ഞു നിറുത്താനായത് സർക്കാരിനുണ്ടാക്കിക്കൊടുത്ത പ്രതിച്ഛായയ്ക്ക് സ്വർണക്കടത്ത് വിവാദം ഇടിവുണ്ടാക്കിയെന്ന സംശയം മുന്നണിയിലെ ഘടകകക്ഷികൾക്കുണ്ട്.

സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ഉന്നതോദ്യോഗസ്ഥന്റെ വീഴ്ച വിനയായെങ്കിലും മുഖ്യമന്ത്രി കൈക്കൊണ്ട തുടർനടപടികളിലൂടെ അത് ഏറെക്കുറെ മറികടക്കാനായെന്ന വിലയിരുത്തലിലായിരുന്നു സി.പി.എം ഇതുവരെ. സി.പി.ഐയും ഇതിൽ തൃപ്തരാണെങ്കിലും, ജാഗ്രതക്കുറവ് പാടില്ലായിരുന്നുവെന്ന അഭിപ്രായം അവർക്കുണ്ട്. കൺസൾട്ടൻസി, കരാർ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ മുന്നണിയോഗത്തിൽ ചർച്ച ചെയ്ത് വ്യക്തത വരുത്തണമെന്ന അഭിപ്രായവും സി.പി.ഐ മുന്നോട്ടുവച്ചിരുന്നു.