in-harihar-nagar

വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ഇൻ ഹരിഹർ നഗറിലെ ഗോവിന്ദൻ കുട്ടിയും, തോമസുകുട്ടിയും, അപ്പുക്കുട്ടനും,മഹാദേവനുമൊക്കെ ഇന്നും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്നുണ്ട്. ഒന്നാം ഭാഗം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ എത്തി. സിനിമയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ കാസ്റ്റിംഗ് തന്നെയാണ്. മുകേഷ്, സിദ്ധിഖ്, അശോകൻ, ജഗദീഷ് എന്നിവരുടെ കെമിസ്ട്രി മലയാളികൾക്ക് നല്ലതുപോലെ രസിച്ചു.

എല്ലാവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കിയെങ്കിലും, പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അപ്പുക്കുട്ടനായി എത്തിയ ജഗദീഷായിരുന്നു. ആ കഥാപാത്രമായി ജഗദീഷിന് പകരം മറ്റൊരാളെ സങ്കൽപിക്കാൻ പോലും ആരാധകർക്ക് സാധിക്കില്ല. എന്നാൽ ചിത്രത്തിൽ നിന്ന് ജഗദീഷ് പിന്മാറിയതായി തെറ്റിദ്ധരിച്ചതിനെക്കുറിച്ചും, പകരം മറ്റൊരാളെ കണ്ടെത്തിയതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധിഖ്.


ചിത്രത്തിന്റെ നിർമ്മാതാക്കളായ കുര്യാച്ചനും ഫാസിൽ സാറിന്റെ സഹോദരൻ ഖൈസും ഖത്തറിലായിരുന്നു. അവർ ഫാസിൽ സാറിനെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെയും ചുമതലപ്പെടുത്തി. തുടക്കത്തിൽ ഞങ്ങൾ മുകേഷിനെ മഹാദേവനായും, ജഗദീഷിനെ അപ്പുക്കുട്ടനായും, അപ്പ ഹജ്ജയെ തോമസ്‌കുട്ടിയായും അശോകനെ ഗോവിന്ദൻകുട്ടിയായും തീരുമാനിച്ചു. ലാലും ഞാനും ജഗദീഷുമായി നല്ല അടുപ്പത്തിലായിരുന്നു. ഞങ്ങളുടെ സിനിമയിൽ അദ്ദേഹത്തിന് നല്ലൊരു വേഷമുണ്ടെന്നും, കാസ്റ്റിംഗ് പുരോഗമിക്കുമ്പോൾ വിളിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. അക്കാലത്ത്, മൊബൈൽ ഫോണുകൾ ഇല്ലാത്തതിനാൽ അഭിനേതാക്കളോട് സംസാരിക്കാനും, അവരുടെ തീയതികൾ ബുക്ക് ചെയ്യാനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ അയച്ചു.


ജഗദീഷ് ഒഴികെ ബാക്കിയെല്ലാവരും സമ്മതിച്ചതായി അയാൾ പറഞ്ഞു. ഈ കഥാപാത്രം ജഗദീഷിനെ മനസിൽ കണ്ട് എഴുതിയതിനാൽ ഞങ്ങൾ അസ്വസ്ഥരായിരുന്നു. എന്തായാലും, ഞങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഞങ്ങൾ ഇത് ഫാസിൽ സാറുമായി ചർച്ച ചെയ്തു. ഈ സമയത്ത്, സിദ്ധിഖ് ചെറിയ വേഷങ്ങൾ ചെയ്യുകയായിരുന്നു, കൂടാതെ അദ്ദേഹം ഒരു മിമിക്രി ആർട്ടിസ്റ്റും ആയിരുന്നു. അതിനാൽ, ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം നല്ല ഫിറ്റ് ആയിരിക്കുമെന്ന് കരുതി. മറ്റൊരു ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സിദ്ധിഖിനെ ഇക്കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ഞങ്ങളെ എറണാകുളത്തെത്തി. കഥ ഇഷ്ടമായതോടെ ഫാസിൽ സർ സിദ്ദഖിന് അഡ്വാൻസ് നൽകുകയും ചെയ്തു.


പിന്നീട് ഒരു ദിവസം തിരുവനന്തപുരത്തേക്ക് പോകുമ്പോൾ റെയിൽവേ സ്റ്റേഷനിൽവച്ച് ഞങ്ങൾ ജഗദീഷിനെ കണ്ടു. അദ്ദേഹത്തോട് എന്തുകൊണ്ടാണ് ഞങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറാകാത്തതെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'ഞാൻ ഇല്ല എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ഞാൻ ആ റോളിനായി കാത്തിരിക്കുകയാണ്. ' എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. ഇല്ല, ഞങ്ങൾ നല്ല ബന്ധത്തിലല്ലെന്നായിരുന്നു മറുപടി.

ഞങ്ങൾ ജഗദീഷിനോട് സിദ്ധിഖിനെ ഈ കഥാപാത്രത്തിനായി നിശ്ചയിച്ചിട്ടുണ്ടെന്ന് പറഞ്ഞു, 'ഷൂട്ടിംഗ് ഒന്നാം ദിവസം ഞാൻ ക്യാമറയ്ക്ക് മുന്നിൽ വന്ന് നിൽക്കും. എനിക്ക് മറ്റൊന്നും അറിയാൻ ആഗ്രഹമില്ല, 'എന്നായിരുന്നു ജഗദീഷിന്റെ മറുപടി. ഞങ്ങളുടെ നിർദേശ പ്രകാരം അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫാസിൽ സാറിനെ വിളിച്ച് കള്ളം പറഞ്ഞ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെക്കുറിച്ച് പറഞ്ഞു.

വ്യക്തിപരമായ പ്രശ്നം ഇതിലേക്ക് വലിച്ചിഴച്ചതിന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ പുറത്താക്കി. തുടർന്ന് ഫാസിൽ സാർ ഞങ്ങളോട് ഒരു പരിഹാരം ചോദിച്ചു. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു ജഗദീഷാണ് അപ്പുക്കുട്ടന് ഏറ്റവും അനുയോജ്യനെന്ന്. എല്ലാവരേയും എങ്ങനെയെങ്കിലും ഉൾപ്പെടുത്താൻ ഫാസിൽ സർ ഞങ്ങളോട് ആവശ്യപ്പെട്ടു. അതിനാൽ, ഫാസിൽ സാറിന്റെ ബന്ധുവായ അപ്പ ഹജയ്ക്കായി ഞങ്ങൾ ഒരു പുതിയ കഥാപാത്രം സൃഷ്ടിച്ചു. സിദ്ധിഖ് ഗോവിന്ദൻകുട്ടിയായും, അശോകൻ തോമസ്‌കുട്ടിയുമായി കഥാപാത്രത്തെ മാറ്റിമറിച്ചു. തന്റെ പ്രാരംഭ റോൾ എന്താണെന്ന് അപ്പയ്ക്ക് അറിയില്ലായിരുന്നു, അതിനാൽ തനിക്ക് ലഭിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു.'-ഒരു പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സിദ്ധിഖ്.