siyad-koker

കൊച്ചി: സിനിമാമേഖലയിലും സ്വ‌ർണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ സിയാദ് കോക്കർ. സ്വർണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവർ സിനിമാ മേഖലയിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണകടത്തുമായി ബന്ധപ്പെട്ട പണം സിനിമ മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് സിയാദ് കോക്കറിന്റെ പ്രതികരണം.

സ്വ‌ർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ​ഫൈസൽ ഫരീദ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും ഇയാൾ പല സിനിമകൾക്കും പണം നൽകിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. ഫൈസൽ ഫരീദ് സിനിമാ മേഖലയുമായി ബോധപൂർവം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിർമാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കർ ആരോപിക്കുന്നു.

സിനിമ മേഖലയിൽ സ്വർണ കള്ളക്കടത്തുകാരുടെ ഇടപെടൽ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണം. ശരിയല്ലാത്ത രീതികളിൽ സിനിമയിൽ വൻതോതിൽ പണം എത്തുന്നു. ഇതിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.