predatorb

വാഷിങ്ടൺ: ആളില്ലാതെ പറക്കുന്ന വാഹനങ്ങൾക്ക് കയ‌റ്റുമതിയിൽ വരുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇളവുചെയ്‌ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കി. ഇതോടെ അമേരിക്ക നിർമ്മിക്കുന്ന അൺമാൻഡ് ഏരിയൽ വാഹനങ്ങൾ (UAV) അഥവാ ഡ്രോണുകൾ സ്വന്തമാക്കാൻ ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾക്കുള‌ള കടമ്പ ലഘൂകരിക്കപ്പെട്ടിരിക്കുകയാണ്.

പ്രെഡേ‌റ്റർ-ബി എന്ന് പേരുള‌ള ഈ ഡ്രോണുകളുടെ വേഗ പരിധി 800 കിലോമീ‌റ്ററായി പുനർ നിർണയിച്ചിട്ടുണ്ട്. ഇതിലൂടെ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് ചൈനീസ് നിർമ്മിത ആളില്ലാ വാഹനങ്ങളിലെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള‌ള മാർഗം തുറന്ന് കിട്ടുകയാണ്. ഈ മേഖലയിൽ യമനിലും ലിബിയയിലും ആഭ്യന്തരകലാപത്തിൽ ചൈനീസ് നിർമ്മിത 'വിങ്‌ലൂംഗ്' ആയുധമേന്തിയ ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പാകിസ്ഥാനും ചൈനയുടെ വിങ്‌ലൂംഗ് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ആയിരം കിലോയോളം ബോംബ് വഹിക്കാൻ മാത്രമാണ് ഇവയുടെ ശേഷി. ചൈനയുടെ സഹകരണത്തോടെ നടക്കുന്ന ഗ്വാദോർ തുറമുഖത്തും മ‌റ്റ് ചൈനീസ് സഹകരണ മേഖലകളിലും ഇവ പാകിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്. മിസൈൽ സാങ്കേതികവിദ്യ നിയന്ത്രണമുള‌ള രാജ്യങ്ങൾ അംഗമായ സമിതിയിലുള‌ള അമേരിക്കയിലെ പ്രതിരോധ കോൺട്രാക്‌ടർമാർക്ക് കയ‌റ്രുമതിക്ക് നിയന്ത്രണങ്ങളുണ്ട്. എന്നാൽ ചൈനയും പാകിസ്ഥാനും ഇതിൽ അംഗമല്ലാത്തതിനാൽ അവർക്ക് നിയന്ത്രണമില്ല. ഇത് ഇന്ത്യ ഉൾപ്പടെ രാജ്യങ്ങൾക്ക് ഭീഷണിയായിരുന്നു.

പ്രെഡേ‌റ്റർ-ബി ഡ്രോണിന് 4 ഹെൽ ഫയർ മിസൈലുകളും രണ്ട് ഭാരമേറിയ ലേസർ മിസൈലുകളും വഹിക്കാനുള‌ള ശേഷിയുണ്ട്.

ഡ്രോണുകളുടെ കയ‌റ്റുമതി നിയന്ത്രണം ഇളവു വന്നതോടെ ഇന്ത്യ മാത്രമല്ല സൗദി അറേബ്യ, യു എ ഇ, ഈജിപ്‌റ്റ് എന്നിങ്ങനെ രാജ്യങ്ങൾക്കും ഈ ഡ്രോണുകൾ വാങ്ങാനുള‌ള സാദ്ധ്യത തെളിഞ്ഞു. ഒരു യുദ്ധ വിമാനത്തോളം വില വരുന്ന പ്രെഡേ‌റ്റർ-ബി വാങ്ങുന്നതിലൂടെ വലിയ യുദ്ധവിമാനങ്ങൾ അത്ര കുറച്ച് മാത്രം വായുസേനക്ക് ഉപയോഗിച്ചാൽ മതിയാകും എന്ന ഗുണമുണ്ട്.