theatre

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പൂർണമായി അടച്ചിട്ടിരിക്കുന്ന രാജ്യത്തെ സിനിമ തീയേ‌റ്ററുകൾക്ക് ആഗസ്‌റ്റ് 1 മുതലോ 31ന് അകമോ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് നിർദ്ദേശവുമായി പ്രക്ഷേപണ മന്ത്രാലയം. സിഐഐ മീഡിയ കമ്മിറ്റിയംഗങ്ങളുമായി കഴിഞ്ഞദിവസം പ്രക്ഷേപണമന്ത്രാലയ സെക്രട്ടറി അമിത് ഖാരെ നടത്തിയ ചർച്ചക്കൊടുവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ ഇതിനോട് ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സീറ്റുകളുടെ എണ്ണം ക്രമീകരിച്ചും ആളുകൾ തമ്മിൽ രണ്ടര മീ‌റ്റർ അകലം പാലിച്ച് സുരക്ഷയും സാമൂഹിക അകലവും പാലിച്ച് പ്രതിരോധ നിയന്ത്രണങ്ങൾ ഉറപ്പിച്ച ശേഷമാകണം തീയേറ്ററുകൾ പ്രവർത്തിക്കാനെന്നും പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശിക്കുന്നു. ഒന്നിടവിട്ടുള‌ള സീ‌റ്റുകളിലാകും ഇത്തരത്തിൽ ആളുകൾക്ക് ഇരിപ്പിടം. കൊവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ വിവിധ മേഖലകളിൽ വരുത്തിയെങ്കിലും സ്‌കൂൾ, കോളേജ്, തീയേ‌റ്റർ മ‌‌റ്റ് പൊതുഇടങ്ങൾ ഇവിടങ്ങളെല്ലാം ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഇതുമൂലം സിനിമാ മേഖല കനത്ത വെല്ലുവിളിയാണ് ഉണ്ടായിരിക്കുന്നത്.