ന്യൂഡൽഹി: കൊവിഡിന് എതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനായ 'കോവാക്‌സി'ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. ഡൽഹി എയിംസിലാണ് ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് വാക്‌സിൻ വികസിപ്പിച്ചത്.ഡൽഹി സ്വദേശിയായ മുപ്പതുകാരനിലാണ് വാക്‌സിൻ ആദ്യം കുത്തിവച്ചത്.
രാജ്യത്തെ മുപ്പതിനായിരത്തോളം പേരാണ് വാക്‌സിൻ പരീക്ഷണത്തിനായി എയിംസിൽ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇവരിൽ തിരഞ്ഞെടുത്ത 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയിൽ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്‌സിൻ കുത്തിവയ്ക്കുക.
കോവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐ.സി.എം.ആർ തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡൽഹി എയിംസ്. ആദ്യഘട്ടത്തിൽ ആകെ 375 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുക. ഇവരിൽ 100 പേർ എയിംസിൽ നിന്നായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പരീക്ഷണത്തിന്റെ ഭാഗമായി രണ്ടാംഘട്ടത്തിൽ 750 പേരിൽ വാക്‌സിൻ കുത്തിവയ്ക്കും. ആദ്യഘട്ടത്തിൽ 18 മുതൽ 55 വയസ് വരെ പ്രായമുള്ളവരെയും രണ്ടാംഘട്ടത്തിൽ 12 മുതൽ 65 വയസ് വരെ പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുകയെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
ഡൽഹിയിൽ പരീക്ഷണത്തിന് വിധേയനായ യുവാവിന് ഇതുവരെ പാർശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. 0.5 മില്ലിലിറ്റർ വാക്‌സിനാണ് കുത്തിവച്ചത്. അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണവിധേയമാക്കുമെന്നും റായി വ്യക്തമാക്കി. ഇന്ന് കുറച്ചധികം ആൾക്കാരിൽ കൂടി വാക്‌സിൻ കുത്തിവയ്ക്കാനാണ് അധികൃതരുടെ തീരുമാനം.