മുംബയ്: ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിടുക്കപ്പെടുന്നവർക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്ത്. പാർട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ഉദ്ദവ് താക്കറെ മുംബയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ലോക്ക്‌ഡൗൺ പിൻവിക്കുന്നതിനെ കുറിച്ച് താൻ വേവലാതിപ്പെടുന്നുവെന്നായിരുന്നു താക്കറെയുടെ പരാമർശം. ഇത് കൊവിഡിനെതിരായ യുദ്ധമാണ്. ലോക്ക്ഡൗൺ നീക്കം ചെയ്ത രാജ്യങ്ങൾ ഇപ്പോൾ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കുകയാണെന്നും താക്കറെ ചൂണ്ടിക്കാട്ടി.
സമ്പദ്‌വ്യവസ്ഥ അപകടത്തിലാണെന്നാണ് അൺലോക്കിലേയ്ക്ക് കടക്കുന്നതിനായി ചിലർ പറയുന്നത്. അക്കാര്യം താൻ സമ്മതിക്കുന്നു. പക്ഷെ ആളുകൾ രോഗബാധിതരാകുകയോ മരിക്കുകയോ ചെയ്താൽ പറയുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നാണ് ഉദ്ദവിന്റെ ചോദ്യം. സമ്പദ്‌വ്യവസ്ഥയ്ക്കായി ആളുകളെ മരിക്കാൻ വിടാനാവില്ലെന്നും അദ്ദേഹം പറയുന്നു.
കാര്യങ്ങൾ സാവധാനം വീണ്ടും തുറക്കുന്നതിലാണ് ശ്രദ്ധ നൽകുന്നത്. ആളുകൾ തളർന്നുവെന്ന് സമ്മതിക്കുന്നു. പക്ഷേ എല്ലാം ഒറ്റയടിക്ക് തുറക്കാൻ കഴിയില്ല. കാരണം കൊവിഡ് പരിഹരിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. 3.57 ലക്ഷത്തിലധികം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13,000 ത്തിലധികം മരണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മുംബയിലും പൂനെയിലും അടക്കം സ്ഥിതി ഗുരുതരമായി തുടരുകയാണ്.