1. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച ആണ് യോഗം. പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ചും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തോട് അടുക്കുകയാണ്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു. 13,36,86 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 757 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2. മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് രോഗവ്യാപനം വലിയതോതില്‍ ആശങ്കപ്പെടുത്തുന്നത്. മഹാരാഷ്ട്രയില്‍ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശില്‍ എണ്ണായിരത്തിനും മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിന് അടുത്തെത്തി. അമ്പതിനായിരത്തില്‍ ഏറെ രോഗികളാണ് കര്‍ണ്ണാടകത്തില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുന്ന് ഉണ്ടെങ്കിലും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലാണ്.
3.കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച. അധ്യാപിക ഈ മാസം 14ന് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് പോയിരുന്നു എങ്കിലും നിരീക്ഷണത്തില്‍ പോയിരുന്നില്ല. സംസ്ഥാന അതിര്‍ത്തി കടന്നുള്ള യാത്രകള്‍ 48 മണിക്കൂറില്‍ താഴെ സമയം എടുത്താണെങ്കില്‍ നിരീക്ഷണത്തില്‍ പോകേണ്ടതില്ല എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 16നാണ് അധ്യാപിക കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കീം പരീക്ഷാ ഡ്യൂട്ടി എടുത്തത്. ജില്ലാ ആരോഗ്യവകുപ്പിനെ യാത്രാവിവരം അറിയിച്ചിരുന്നു എന്നാണ് അധ്യാപികയുടെ മകള്‍ പറയുന്നത്.
4. എന്നാല്‍ യാത്രാവിവരം അറിയില്ലായിരുന്നു എന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതികരണം. അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് അദ്ധ്യാപകരെയും 40 വിദ്യാര്‍ത്ഥികളെയും നിരീക്ഷണത്തിലാക്കി. കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയുടെ മകളള്‍ക്കും കൊവിഡ് പോസിറ്റീവാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമായി കീം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
5.സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് രണ്ടാംപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. സ്വര്‍ണക്കടത്ത് കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെ ആണെന്ന് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്വര്‍ണക്കടത്ത് തുടങ്ങിയത് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ. ഓരോ കടത്തിനും ഇരുവര്‍ക്കും 1500 ഡോളര്‍ പ്രതിഫലം നല്‍കി. കൊവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങിയെന്നും പിന്നാലെ അറ്റാഷയെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാക്കി എന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കി. എം.ശിവശങ്കറുമായി സൗഹൃദം മാത്രമാണെന്നും, ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും സ്വപ്ന പറഞ്ഞു. കേസില്‍ മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപും. റമീസും സന്ദീപും പരിചയപ്പെട്ടത് ദുബായില്‍ വച്ചെന്നും സ്വപ്ന മൊഴി നല്‍കി. താന്‍ സരിത്തിനെ പരിചയപ്പെട്ടത് തിരുവനന്തപുരത്ത് ജോലി ചെയ്യമ്പോഴാണെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കി.
6 നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താനുള്ള ആസൂത്രണം റമീസിന്റേത് ആണെന്നും സന്ദീപ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് സംരഭങ്ങളില്‍ ഇടനിലക്കാരി കൂടിയാണ് സ്വപ്ന സരേഷ്. ബാങ്കില്‍ നിന്ന് കണ്ടെത്തിയ പണം ഇടനിലക്കാരി ആയതില്‍ കിട്ടിയ പ്രതിഫലം ആണെന്നാണ് സൂചന. സ്വപ്ന നടത്തിയ ഇടപാടുകളെപ്പറ്റി കസ്റ്റംസും എന്‍.ഐ.എയും അന്വേഷണം തുടങ്ങി. സ്വപ്നയുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും അന്വേഷണ സംഘം കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
7.കാസര്‍കോട് 5 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം എന്നിവിടങ്ങളില്‍ ആണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. അര്‍ധരാത്രി 12 മണി മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കും എന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വലിയ വീഴ്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കണ്ണൂരിലും സ്ഥിതി അതീവ ഗുരുതരം. മെഡിക്കല്‍ കോളേജിലെ ഐ.സി.യു വഴി രോഗം പടരുന്നതായി സംശയം. നൂറിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഇതുവരെ 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അമലിന് രോഗം വന്നത് ആശുപത്രിയില്‍ നിന്നെന്ന് സംശയം.
8 കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്ന അമല്‍ ജോ അജിക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരത്തെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തി ഇരിക്കുന്നത്. അതിനിടെ, കോഴിക്കോട് നാല് താലൂക്കുകളിലായി 18 നിയന്ത്രിത മേഖലകള്‍ പ്രഖ്യാപിച്ചു. ഇവിടെ നിയന്ത്രണം ലംഘിച്ചാല്‍ ക്രിമിനല്‍ കേസെടുക്കും. 14 പഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയും അടച്ചിട്ട് ഇരിക്കുന്നു. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന ദ്രുത കര്‍മസേനയും രൂപീകരിച്ചു.