ന്യൂഡൽഹി: രാജ്യം ഒന്നാകെ ബാധിക്കുന്ന തരത്തിൽ കൊവിഡ് തീവ്രവ്യാപന ഘട്ടം ഇന്ത്യയിൽ സംഭവിക്കില്ലെന്നും ഓരോ സംസ്ഥാനങ്ങളിലും ജനങ്ങൾ രോഗത്തോട് ഇടപഴകിയ സമയം വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഏറിയും കുറഞ്ഞുമാകും രാജ്യത്തെ കൊവിഡ് വ്യാപനമെന്നും വിദഗ്‌ധാഭിപ്രായം. പൊതു ആരോഗ്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറായ പ്രൊ.ജി വി എസ് മൂർത്തിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഡൽഹിയിൽ ഈ മാസമോ ആഗസ്‌റ്റ് ആദ്യമോ രോഗം രൂക്ഷമാകാം.തമിഴ്‌നാട്,മഹാരാഷ്‌ട്ര,കർണാടക പോലെയുളള സംസ്ഥാനങ്ങളിൽ ഇത് സെപ്‌തംബർ മാസമാകുമെന്നും പ്രൊഫ. മൂർത്തി അറിയിച്ചു. ജാർഖണ്ഡ് പോലെയുളള സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയിട്ടേയുളളൂ എന്നതിനാൽ രോഗത്തിന്റെ തീവ്ര വ്യാപനം ഇനിയും വൈകുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരത്തിലാണ് രാജ്യത്ത് കൊവിഡിന്റെ തീവ്ര വ്യാപനമെന്നതിനാൽ പലതവണയായുളള ശക്തമായ കൊവിഡ് വ്യാപനമാകും രാജ്യത്തുണ്ടാകുക.കൊവിഡ് ബാധിതനായ ഒരാളിൽ നിന്ന് അയാളോട് അടുത്ത മറ്റ് ആളുകളിൽ രോഗം ബാധിക്കാൻ 10 മുതൽ 14 വരെ ദിവസമെടുത്തേക്കാം. അതിനാൽ സർക്കാരുകൾ കൊവിഡ് സുരക്ഷാ ചട്ടങ്ങളിൽ പെടുന്ന കൈകൾ വൃത്തിയായി സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുക സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ വിവിധ നിർദ്ദേശങ്ങൾ ജനപ്പെരുപ്പമുളള സ്ഥലങ്ങളിൽ താമസിക്കുന്നവരെ ബോധവൽക്കരിക്കണം. നിലവിൽ രോഗവ്യാപനം തീരെ കുറഞ്ഞ സംസ്ഥാനങ്ങളിൽ സെപ്‌തംബറിലോ ഒക്‌ടോബറിലോ ആകാം തീവ്ര രോഗവ്യാപനമെന്നും പ്രൊഫ. മൂർത്തി അഭിപ്രായപ്പെട്ടു.
ഹരിയാന, തെലങ്കാന, കർണാടക,ആന്ധ്രാ പ്രദേശ്,തമിഴ്നാട് എന്നിവിടങ്ങളിൽ സെപ്‌തംബർ പകുതിയോടെ രോഗവ്യാപനം തീവ്രമാകും. കേരളത്തിൽ കൊവിഡ് വ്യാപനം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് കഴിഞ്ഞ പത്ത് ദിവസമായി അതിതീവ്ര വ്യാപനമാണ് സംഭവിക്കുന്നത്. ജനസാന്ദ്രതയേറിയ ഇടങ്ങളിൽ ശക്തമായ നിരീക്ഷണവും അതുപോലെ തന്നെ നടപടികളും ഇവിടെ ആവശ്യമാണെന്നും പ്രഫ. മൂർത്തി പറയുന്നു. പരിശോധനയും രോഗം കണ്ടെത്തലും ഫലപ്രദമായ ചികിത്സയും ഉണ്ടെങ്കിലേ കൊവിഡിനെ തുരത്താനാകൂ എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വ്യക്തികൾ തന്നെ ശ്രദ്ധിക്കുകയും എന്തെങ്കിലും രോഗലക്ഷണം തോന്നിയാലുടൻ പരിശോധനക്ക് വിധേയരാകുകയും വേണം. ജനസാനന്ദ്രത കൂടിയ ഇടങ്ങളിൽ മൊബൈൽ ലാബുകൾ ഉണ്ടാകണം.ഓക്‌സിജൻ വിതരണമുളള ബെഡുകളും ശ്വാസതടസമുളളവർക്ക് നല്ല ചികിത്സ നൽകാൻ മികച്ച ആശുപത്രികളും വ്യാപകമായി വന്നാൽ മാത്രമേ കൊവിഡിനെ പിടിച്ചുകെട്ടാനാകൂ എന്നും പ്രൊഫ. ജി വി എസ് മൂർത്തി പറയുന്നു.