ദേവസ്വം ബോർഡിന്റെ പണം സർക്കാരിലേക്കാണ് പോകുന്നതെന്നു സംബന്ധിച്ച് നിരവധി ആരോപണങ്ങളുയർന്നിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിൽ ദേവസ്വം മന്ത്രി വരെ രംഗത്തെത്തുകയുണ്ടായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയിലെയും പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നുവെന്നുവരെയായിരുന്നു വ്യാജ പ്രചരണങ്ങൾ. എന്നാൽ ഇതുസംബന്ധിച്ച് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്. കൗമുദി ടി വി "സ്ട്രെയിറ്റ് ലെെനി"ലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കെ ജയകുമാർ ദേവസ്വം സെക്രട്ടറി ആയിരുന്ന സമയത്ത് ശബരിമലയുമായി ബന്ധപ്പെട്ട് ചെയ്ത വികസന പ്രവർത്തനങ്ങളും അതിൽ സർക്കാരിന്റെ പങ്കാളിത്തവുമടക്കം അദ്ദേഹം വിശദീകരിക്കുന്നു. ശബരിമലയിൽ കോടതി രൂപീകരിച്ച മാസ്റ്റർ പ്ളാനിനായി 10-80 കോടി രൂപ സർക്കാരിൽ നിന്ന് ലഭിച്ചതായും അദ്ദേഹം പറയുന്നു. പലരും പറഞ്ഞ് പ്രചരിപ്പിക്കുന്ന പോലെ ദേവസ്വത്തിന്റെ പണമെടുത്ത് ഗവൺമെന്റ് കൊണ്ടു പോവുകയല്ല. മറിച്ച് ഗവൺമെന്റിന്റെ പണം ദേവസ്വത്തിന് നൽകുകയാണ് ചെയ്തതെന്നും ജയകുമാർ വെളിപ്പെടുത്തുന്നു.
"കോടതി ശബരിമലയുമായി ബന്ധപ്പെട്ട് ഒരു മാസ്റ്റർ പ്ളാൻ നടപ്പാക്കാനുള്ള കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നെ ചെയർമാൻ ആക്കിക്കൊണ്ടായിരുന്നു ഹെെപവർ കമ്മിറ്റി ഉണ്ടാക്കിയത്. അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഞാൻ സർക്കാരിനോട് ദേവസ്വം ബോർഡിനായി ബഡ്ജറ്റിൽ പണം കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡിന്റെ പണമെടുത്ത് അവിടെ വികസന പ്രവർത്തനങ്ങൾ ചെയ്യുകയും ഈ മാസ്റ്റർപ്ളാൻ നടപ്പാക്കുകയും ചെയ്യണമെന്ന് പറയുന്നത് നടപ്പിലാകുന്ന കാര്യമല്ല. ബോർഡിന് പണമുണ്ടെങ്കിൽ പോലും ആ പണം എടുത്ത് ചിലവഴിക്കുന്നതിൽ ഒരുപാട് പരിമിതികളുണ്ട്.
ഹെെക്കോടതി പോലും അതിനകത്ത് ഇടപെടും. ഹെെക്കോടതി ഇടപെട്ടാൽ മാത്രമേ പണം ചിലവാക്കാൻ പറ്റുള്ളൂ. അതൊന്നും പ്രായോഗികമല്ല. ഇക്കാര്യം ബഡ്ജറ്റിൽ വയ്ക്കാൻ പറഞ്ഞു. അങ്ങനെ ബഡ്ജറ്റിൽ സക്കാരിൽ നിന്ന് 10-80 കോടി രൂപ മാസ്റ്റർ പ്ളാൻ നടപ്പിലാക്കാൻ ലഭിച്ചിട്ടുണ്ട്. പലരും പറഞ്ഞ് പ്രചരിപ്പിക്കുന്ന പോലെ ദേവസ്വത്തിന്റെ പണമെടുത്ത് ഗവൺമെന്റ് കൊണ്ടു പോവുകയല്ല. ഗവൺമെന്റിന്റെ പണം ദേവസ്വത്തിന് തരികയാണ് ചെയ്തത്.
ഈ തുകയിൽ നിന്നാണ് നിലയ്ക്കൽ വികസിപ്പിച്ചത്. ഏറ്റവും വലുതായിട്ട് ഞാൻ അവകാശപ്പെടുന്നത് സന്നിധാനത്ത് സ്യൂവേജ് ട്രീറ്റ്മെന്റ് പ്ളാൻ നടപ്പാക്കിയതാണ്. മനുഷ്യ മാലിന്യങ്ങൾകെട്ടിക്കിടന്ന സ്ഥലം ശുചീകരിച്ചു. 23 കോടി രൂപ ചിലവഴിച്ചായിരുന്നു പദ്ധതി പൂർത്തിയാക്കിയത്. അതാണ് അവിടുത്തെ ഏറ്റവും വലിയ പുണ്യ പ്രവൃത്തി. അപ്പോഴാണത് പുണ്യ പൂങ്കാവനമായത്"-അദ്ദേഹം പറയുന്നു.